Join News @ Iritty Whats App Group

ആരും മരിക്കേണ്ടവരല്ല, ഓരോ ജീവനും വിലപ്പെട്ടതാണ്,'രണ്ടാമത്തെ ഇറാനിയൻ കപ്പലിനും അനുമതി നല്‍കി ശ്രീലങ്ക; 208 പേരെ ഒഴിപ്പിച്ചു

ആരും മരിക്കേണ്ടവരല്ല, ഓരോ ജീവനും വിലപ്പെട്ടതാണ്,'രണ്ടാമത്തെ ഇറാനിയൻ കപ്പലിനും അനുമതി നല്‍കി ശ്രീലങ്ക; 208 പേരെ ഒഴിപ്പിച്ചു


കൊളംബോ: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, തകരാറിലായ രണ്ടാമത്തെ ഇറാനിയന്‍ കപ്പലിനും തീരമടുക്കാന്‍ അനുമതി നല്‍കി ശ്രീലങ്ക.

കിഴക്കന്‍ തുറമുഖമായ ട്രിങ്കോമാലിയില്‍ അടുപ്പിച്ച 'ഐ.ആര്‍.ഐ.എന്‍.എസ് ബുഷെര്‍' എന്ന കപ്പലിലുണ്ടായിരുന്ന 208 പേരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ അറിയിച്ചു.

കപ്പലിന്റെ എന്‍ജിന്‍ തകരാറിലായതിനെത്തുടര്‍ന്ന് മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് പ്രവേശനാനുമതി നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. 'മാനവികമായ ഇടപെടലുകളില്‍ നിഷ്പക്ഷത പാലിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

ആരും മരിക്കേണ്ടവരല്ല, ഓരോ ജീവനും വിലപ്പെട്ടതാണ്,' എന്ന് ദിസനായകെ ടെലിവിഷന്‍ സന്ദേശത്തില്‍ പറഞ്ഞു. 53 ഓഫീസര്‍മാരും 84 കേഡറ്റുകളും ഉള്‍പ്പെടെയുള്ള ജീവനക്കാരെയാണ് കപ്പലില്‍ നിന്നും മാറ്റിയത്.

കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ തീരത്തിന് സമീപം 'ഐ.ആര്‍.ഐ.എസ് ദേന' എന്ന ഇറാനിയന്‍ യുദ്ധക്കപ്പല്‍ അമേരിക്കന്‍ അന്തര്‍വാഹിനിയുടെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ഇതില്‍ കൊല്ലപ്പെട്ട 84 ഇറാനിയന്‍ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ഗാള്‍ തീരത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ തകര്‍ന്ന കപ്പലിലെ പരിക്കേറ്റ നാവികര്‍ നിലവില്‍ ചികിത്സയിലാണ്. ഇവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഗാള്‍ കറാപ്പിറ്റിയ ആശുപത്രിയില്‍ നടന്നു വരുന്നു.

രാജ്യാന്തര സമുദ്ര അതിര്‍ത്തിയില്‍ വെച്ച്‌ തങ്ങളാണ് ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തതെന്ന് യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന നേവല്‍ ഫ്‌ലീറ്റ് റിവ്യൂവില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു കപ്പല്‍.

അന്താരാഷ്ട്ര സമുദ്ര നിയമങ്ങള്‍ അനുസരിച്ചുള്ള രക്ഷാപ്രവര്‍ത്തനം മാത്രമാണ് തങ്ങള്‍ നടത്തുന്നതെന്നും ഒരു പക്ഷത്തോടും ആഭിമുഖ്യമില്ലെന്നും ശ്രീലങ്കന്‍ നാവികസേന വ്യക്തമാക്കി.

ഫെബ്രുവരി 28 മുതല്‍ ഇറാനുനേരെ അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം ആരംഭിച്ചതോടെ ഗള്‍ഫ് മേഖല യുദ്ധക്കളമായി മാറിയിരിക്കുകയാണ്. ഇതിനിടെ മാനുഷിക സഹായം നല്‍കുന്നതിനെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങളെ പ്രസിഡന്റ് ദിസനായകെ വിമര്‍ശിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group