തുടരുന്ന സംഘർഷ ഭീതി, ബഹ്‌റൈനിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെ 17 വിമാനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഗൾഫ് എയറിന്റെ ഒമ്പത് വിമാനങ്ങൾ, ഏഴ് ഡിഎച്ച്എൽ ചരക്ക് വിമാനങ്ങൾ, ഒരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എന്നിവയുൾപ്പെടെ 17 വിമാനങ്ങളാണ് മറ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് മാറ്റിയത്.
നിലവിലെ അസാധാരണ സാഹചര്യത്തിൽ വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രവർത്തനക്ഷമത നിലനിർത്തുന്നതിനുമാണ് ഈ നടപടിയെന്ന് ബഹ്‌റൈൻ ഗതാഗത മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച രാവിലെ ബഹ്‌റൈനിൽ കനത്ത ഡ്രോൺ ആക്രമണമുണ്ടായപ്പോൾ വിമാനങ്ങൾ സൗദി അറേബ്യയിലേക്ക് നീങ്ങുന്നതായി ഫ്ലൈറ്റ്‌റഡാർ രേഖപ്പെടുത്തിയിട്ടുണ്ട്. ബഹ്‌റൈൻ വ്യോമപാത അടച്ചിട്ടിരിക്കുന്നതിനാൽ ഗൾഫ് എയർ ഉൾപ്പെടെയുള്ള വിമാനങ്ങളുടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
അമേരിക്കയും ഇസ്രായേലും ഇറാനുമായുള്ള സംഘർഷം 12-ാം ദിവസത്തിലേക്ക് കടന്നതോടെ ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ശക്തമായി തുടരുകയാണ്. അറബിക്കടലിൽ രണ്ട് ചരക്ക് കപ്പലുകൾക്ക് നേരെ ഇന്ന് ആക്രമണമുണ്ടായതായി യുകെ മാരിടൈം ഏജൻസി സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടത് ആഗോള ഊർജ്ജ വിപണിയെ ബാധിച്ചിട്ടുണ്ട്. അയൽരാജ്യങ്ങളുമായി യുദ്ധത്തിന് താല്പര്യമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. എന്നാൽ, ഇറാനെ ആക്രമിക്കാൻ ഉപയോഗിക്കുന്ന അമേരിക്കൻ സൈനിക താവളങ്ങളെ തങ്ങൾ ലക്ഷ്യം വെക്കുമെന്നും അദ്ദേഹം പാകിസ്ഥാൻ പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു.
Yesterday, within about 1 hour, 21 aircraft were evacuated from Bahrain International Airport* 11 Gulf Air* 1 Air India Express* 9 different cargo aircraft https://t.co/cqClidXNTh— Flightradar24 (@flightradar24) March 11, 2026
അതേസമയം ദുബായ് ഇന്‍റർനാഷണൽ എയർപോർട്ടിന് സമീപം രണ്ട് ഡ്രോണുകളുടെ അവശിഷ്ടം വീണതായി അധികൃതർ സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഡ്രോൺ അവശിഷ്ടം വീണ് ആകെ നാല് പേർക്ക് പരിക്കേറ്റു. ഇന്ത്യക്കാരൻ, രണ്ട് ഘാന സ്വദേശികള്‍, ഒരു ബംഗ്ലാദേശ് സ്വദേശി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഡ്രോണുകൾ പതിച്ചെങ്കിലും ദുബായ് വിമാനത്താവളത്തിലെ വ്യോമഗതാഗതം തടസ്സപ്പെട്ടിട്ടില്ല. വിമാനങ്ങൾ നിശ്ചയിച്ച പ്രകാരം സാധാരണ നിലയിൽ സർവീസ് നടത്തുന്നുണ്ടെന്ന് മീഡിയ ഓഫീസ് അറിയിച്ചു.
إرسال تعليق