വന്യജീവികള്‍ കാടിറങ്ങുന്നു, വേനല്‍ക്കാലം വെല്ലുവിളി
കണ്ണൂർ: വേനല്‍ കടുക്കുമ്പോള്‍ ഭീതിയുടെ നടുവിലാണ് ജില്ലയുടെ മലയോര ഗ്രാമങ്ങള്‍. ഓരോ വേനല്‍ക്കാലത്തും ചിത്രം കൂടുതല്‍ ഭീകരമാകുകയാണ്.
കാടിനുള്ളില്‍ ഭക്ഷണവും കുടിവെള്ളവും ഇല്ലാതാകുമ്പോള്‍ കാട്ടാനയും പുലിയും കടുവയുമൊക്കെ ജനവാസ മേഖലകളിലേക്ക് ഇറങ്ങുകയാണ്. വന്യജീവി ആക്രമണത്തിന് ഇരയായവരും അവരുടെ കുടുംബാംഗങ്ങളും ഇന്നും ശരീരത്തിലും മനസ്സിലും ആ ആഘാതത്തിന്റെ നോവ് പേറിയാണ് ജീവിക്കുന്നത്.
കൊട്ടിയൂർ മുതല്‍ ചെറുപുഴ വരെ നീളുന്ന കർഷക ഗ്രാമങ്ങളില്‍ പലതിലും ഉയരുന്നത് വിലാപങ്ങള്‍ മാത്രമാണ്. രാത്രിയും പകലും വ്യത്യാസമില്ലാതെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടാനക്കൂട്ടം, കാട്ടുപന്നികള്‍, കുരങ്ങ് ഒക്കെ നെല്‍കൃഷിയും വാഴകൃഷിയും ചേനയും ചേമ്പും ഒറ്റ രാത്രികൊണ്ട് നശിപ്പിക്കുന്നു. കോടിക്കണക്കിന് രൂപ വിലയുള്ള കൃഷി ഇങ്ങനെ ഓരോ സീസണിലും ഇല്ലാതാകുന്നു. പശുവും ആടും ഉള്‍പ്പെടെയുള്ള ഉപജീവന മാർഗ്ഗങ്ങളെ കൂടി ഇല്ലാതാക്കി മടങ്ങുന്ന വന്യജീവികള്‍ കർഷക കുടുംബത്തിന്റെ ജീവിതം അക്ഷരാർത്ഥത്തില്‍ തകർക്കുകയാണ്.
നാലുവർഷം 13 മരണം, 506 പേർക്ക് പരിക്ക്
വനംവന്യജീവി വകുപ്പിന്റെ കണക്ക് പ്രകാരം, കഴിഞ്ഞ വർഷം 221 പേർക്ക് കണ്ണൂർ ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ പരുക്കേറ്റു. ഇത് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന സംഖ്യ. 2022ല്‍ 123, 2023ല്‍ 106, 2024ല്‍ 56 എന്നിങ്ങനെ നാല് വർഷത്തിലെ ആകെ കണക്ക് 506 ആണ്. ഈ കാലഘട്ടത്തില്‍ 13 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 2024ല്‍ ആക്രമണ മരണങ്ങള്‍ ഏറ്റവും കൂടുതലായിരുന്നു. ആനയ്ക്കും കാട്ടുപന്നിക്കും പുറമേ, പാമ്പ്, കടന്നല്‍ ആക്രമണങ്ങളില്‍ ഉള്‍പ്പെടെ ആ വർഷം ആറ് പേർ മരണപ്പെട്ടു.
കാട്ടാനകളില്‍ നിന്ന് രക്ഷതേടി ആറളം
കഴിഞ്ഞ ആഴ്ച ആറളം ഫാം പ്രദേശത്ത് കാട്ടാന ശല്യം ഒരിക്കല്‍ കൂടി ജനജീവിതം ദുസ്സഹമാക്കി. 11ന് മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ കൂടലാട് പഴശിരാജ കളരി അക്കാഡമിക്ക് സമീപം രണ്ട് കാട്ടാനകള്‍ മണിക്കൂറുകള്‍ നിന്ന് വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വ്യാപകമായി നാശം വിതച്ചു. പറിച്ചു നടാൻ ഒരുക്കി വെച്ചിരുന്ന 60 തെങ്ങിൻ തൈകള്‍ ചവിട്ടി ഇല്ലാതാക്കി. ആറളം വന്യജീവി സങ്കേതത്തില്‍ നിന്ന് എട്ട് കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് ആനകള്‍ ഇവിടെ എത്തിയത്. സങ്കേതത്തില്‍ കഴിയേണ്ട നാല്‍പ്പതോളം ആനകള്‍ ഇപ്പോള്‍ ആറളം ഫാമിലാണ്.
ഉറപ്പുകള്‍ ജലരേഖകള്‍
ഫാമില്‍ വച്ച് കാട്ടാന ചവിട്ടിക്കൊന്ന വെള്ളി - ലീല ദമ്പതികളുടെ ദുരന്തത്തിനു ശേഷം ഉയർന്ന ജനകീയ പ്രക്ഷോഭത്തെ തുടർന്ന് മന്ത്രി നേരില്‍ ഇടപെട്ട് ഒരു നിര ഉറപ്പുകള്‍ നല്‍കി. അടിക്കാട് നീക്കം ചെയ്യും, ആനമതില്‍ ഉടൻ പൂർത്തിയാക്കും, നിരീക്ഷണ സമിതി രൂപീകരിക്കും... എന്നാല്‍ ജനകീയ സമിതി കുറച്ചു കാടുകള്‍ വെട്ടിയതല്ലാതെ ബാക്കി ഒന്നും ഉണ്ടായില്ല.
Post a Comment