പീഡനക്കേസുകളിലെ പ്രായപൂർത്തിയാകാത്ത ഇരകളുടെ അടക്കം പേരും വിവരങ്ങളും വെളിപ്പെടുത്തിയ സംഭവം;മുൻ ഡിജിപി ആര്‍ ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്
തിരുവനന്തപുരം: വിവിധ പീഡനക്കേസുകളിലെ പ്രായപൂർത്തിയാകാത്ത ഇരകളുടെ അടക്കം പേരും വിവരങ്ങളും വെളിപ്പെടുത്തിയ സംഭവത്തില്‍ മുൻ ഡിജിപിയും നിലവില്‍ തിരുവനന്തപുരം കോർപറേഷൻ കൗണ്‍സിലറുമായ ആർ ശ്രീലേഖയ്ക്കെതിരേ പോക്സോ കേസെടുത്തു.
തിരുവനന്തപുരം മ്യൂസിയം പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് നടപടി.
ഡല്‍ഹി നിർഭയ കേസ്, കിളിരൂർ-കവിയൂർ കേസുകള്‍, സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ പീഡനക്കേസ് തുടങ്ങി കേരളത്തെയും രാജ്യത്തെയും നടുക്കിയ നിരവധി കേസുകളിലെ ഇരകളുടെ സ്വകാര്യ വിവരങ്ങള്‍ ശ്രീലേഖ പരസ്യപ്പെടുത്തിയെന്നാണ് പരാതി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവില്‍ റൈറ്റ്‌സ് ആൻഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആർ ജയചന്ദ്രന്റെ പരാതിയിലാണ് നടപടി.
ഇരകളുടെ പേരും തിരിച്ചറിയാൻ സഹായിക്കുന്ന മറ്റ് വിവരങ്ങളും വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജയചന്ദ്രൻ പോലീസിനെ സമീപിച്ചത്. ആദ്യം മ്യൂസിയം പോലീസില്‍ പരാതി നല്‍കിയെങ്കിലും മുൻ ഡിജിപി എന്ന നിലയിലുള്ള സ്വാധീനം കാരണം കേസെടുക്കാൻ പോലീസ് തയാറായില്ല. തുടർന്ന് പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയും പ്രാഥമിക തെളിവുകളും പരിശോധിച്ച കോടതി, ശ്രീലേഖയ്ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പോലീസിനോട് നിർദേശിച്ചു. പരാതിക്കാരനുവേണ്ടി അഭിഭാഷകനായ അഡ്വ. എം അനില്‍ കുമാർ കോടതിയില്‍ ഹാജരായി.
إرسال تعليق