കടുത്ത വേദനയ്ക്ക് ആശ്വാസം, അടിയന്തര ശസ്ത്രക്രിയ വേണ്ട; ആരോഗ്യമന്ത്രി ചികില്‍സയില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനു ചികിത്സ നല്‍കുന്നതു തുടരാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നു. കടുത്ത വേദനയ്ക്ക് ആശ്വാസമെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. മന്ത്രിക്ക് കടുത്ത വേദനയ്ക്ക് ആശ്വാസമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടതില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
രക്തസമ്മര്‍ദ്ദം മരുന്നുകളാല്‍ നിയന്ത്രണവിധേയമാണ്. കഴുത്തിലെ കശേരുക്കളില്‍ ഉണ്ടായ സമ്മര്‍ദ്ദമാണ് വേദനയ്ക്ക് കാരണം.യാത്ര അനുവദിക്കാന്‍ ആകാത്തത് കൊണ്ട് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതു കയ്യിലേക്കും തലയുടെ പിന്‍ഭാഗത്തേക്കും പടരുന്ന വിധത്തിലുള്ള കടുത്ത വേദനയ്ക്ക് ഇപ്പോഴത്തെ ചികിത്സയിലൂടെ നേരിയ ആശ്വാസം ലഭിച്ചെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരന്തര നിരീക്ഷണം ആവശ്യമുള്ളതിനാല്‍ ഐസിയുവില്‍ തന്നെ ചികിത്സ തുടരാന്‍ തീരുമാനിച്ചു. എംആര്‍ഐ സ്‌കാന്‍, എംആര്‍ ആന്‍ജിയോ ഗ്രാം ഇവയുടെ റിപ്പോര്‍ട്ടുകള്‍ ബോര്‍ഡ് വിലയിരുത്തി.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു വീണാ ജോര്‍ജിനെതിരെ കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായത്. വന്ദേഭാരത് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണാ ജോര്‍ജിനെ പ്ലാറ്റ്‌ഫോമില്‍ എത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പൊലീസ് വലയം ഭേദിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. മന്ത്രി തിരിഞ്ഞ് നിന്ന് യൂത്ത് കോണ്‍ഗ്രസുകാരോട് രൂക്ഷമായി പ്രതികരിച്ചപ്പോള്‍ പൊലീസ് പിടിച്ചുമാറ്റി. പ്രതിഷേധക്കാര്‍ അതിക്രമിച്ചെത്തിയപ്പോള്‍ കഴുത്തിന് പരിക്കെന്ന് വ്യക്തമാക്കിയ മന്ത്രി അല്‍പസമയം പ്ലാറ്റ്‌ഫോമില്‍ ഇരുന്നു. പിന്നീട് മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. വീണാ ജോര്‍ജിന്റെ കഴുത്തിന് ക്ഷതം ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
Post a Comment