Join News @ Iritty Whats App Group

ഏതാണ് തന്ത്രി കണ്ഠര് രാജീവര് പണം നിക്ഷേപിച്ച സ്വകാര്യ സ്ഥാപനം? വെളിപ്പെടുത്താതെ എസ്ഐടി, രേഖകൾ കോടതിയിൽ ഹാജരാക്കും

ഏതാണ് തന്ത്രി കണ്ഠര് രാജീവര് പണം നിക്ഷേപിച്ച സ്വകാര്യ സ്ഥാപനം? വെളിപ്പെടുത്താതെ എസ്ഐടി, രേഖകൾ കോടതിയിൽ ഹാജരാക്കും


തിരുവനന്തപുരം:തന്ത്രി കണ്ഠര് രാജീവർക്ക് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപം ഉണ്ടായിരുന്നു എന്നതിൽ ഉറച്ച് പ്രത്യേക അന്വേഷണ സംഘം. 2017ന് മുമ്പാണ് നിക്ഷേപം നടത്തിയത്. രേഖകളും വിവരങ്ങളും കോടതിയിൽ ഹാജരാക്കുമെന്നും അന്വേഷണ സംഘം പറയുന്നു. തന്ത്രിക്ക് തങ്ങളുടെ സ്ഥാപനത്തിൽ നിക്ഷേപം ഇല്ലെന്ന് തിരുവല്ലയിലെ നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻഎം രാജു വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ തന്ത്രി നിക്ഷേപം നടത്തിയിട്ടുണ്ടെന്നതിൽ ഉറച്ച് നിൽക്കുന്ന എസ്ഐടി ഏതാണ് പണം നിക്ഷേപിച്ച ആ സ്ഥാപനമെന്ന് വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസില്‍ ആന്‍റോ ആന്‍റണി എംപിയുടെ മൊഴി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. പോറ്റിയുമായുള്ള ബന്ധം അറിയുന്നതിനാണ് ചോദ്യം ചെയ്യൽ. സോണിയ ഗാന്ധി-പോറ്റി കൂടിക്കാഴ്ചയിൽ ആന്‍റോ ആന്‍റണിയും കൂടെയുണ്ടായിരുന്നു. കടകംപള്ളിയുടെ മൊഴിയും വീണ്ടും രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

കേസില്‍ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്തത്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം നല്‍കിയെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ച് ചോദിച്ചതിനും മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. താൻ നൽകിയ മറുപടി തൃപ്തികരമാണോ എന്ന് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അന്വേഷണസംഘം ചോദിച്ചില്ലെന്നും പറഞ്ഞ അടൂർ പ്രകാശ്, വീണ്ടും വിളിപ്പിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് രോഷാകുലനായാണ് പ്രതികരിച്ചത്.

പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്നാണ് അടൂർ പ്രകാശിൻ്റെ മൊഴി. വീട്ടിലും ബംഗളൂരുവിലും പോറ്റിയെ കണ്ടിട്ടുണ്ട്. കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം ആയിരുന്നു. ദില്ലിയിൽ പോകാനും പോറ്റിയാണ് ക്ഷണിച്ചത്. എന്നാൽ കണ്ട തീയതികൾ വ്യക്തമായി ഓർമയിൽ ഇല്ലെന്നും അടൂർ പ്രകാശ് മൊഴി നൽകി. അതേസമയം, മൊഴികളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ അടൂർ പ്രകാശിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും.

Post a Comment

أحدث أقدم
Join Our Whats App Group