കടുവയുടെ തോലും നഖങ്ങളും പല്ലുകളുമായി ഏഴുപേര്‍ പിടിയില്‍
കൂത്തുപറമ്പ്: കടുവയുടെ തോലും നഖങ്ങളും പല്ലുകളും സഹിതം ഏഴംഗ സംഘത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.ചെറുവാഞ്ചേരിയിലെ പി.എം.സന്ദീഷ് (36), വി.കെ.വിതുല്‍ (32), കല്ലിക്കണ്ടിയിലെ കെ.ശരത്ത് (39), പൊന്ന്യം റോഡിലെ ടി.വി.രഖില്‍ (33), എരുവട്ടിയിലെ എൻ.അശ്വിൻ (28), തൂവക്കുന്നിലെ സി.ബാലൻ (58), കല്യാശേരിയിലെ രജീഷ് കടച്ചി (46) എന്നിവരാണ് പിടിയിലായത്.
ഇവർ സഞ്ചരിച്ച രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കർണാടകയില്‍ നിന്ന് വില്പനയ്ക്ക് എത്തിച്ചതാണ് ഇവയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വനംവകുപ്പ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ ഡിഎഫ്‌ഒ എസ്. വൈശാഖിന്റെ നിർദേശപ്രകാരം കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.നിതിൻ രാജിന്റെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂർ ഫോറസ്റ്റ് വിജിലൻസ് വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്.
കതിരൂർ ഭാഗത്ത് നടത്തിയ പരിശോധന യിലാണ് സംഘം കുടുങ്ങിയത്. ആദ്യം കതിരൂരില്‍ വച്ച്‌എരുവട്ടി സ്വദേശി എൻ.അശ്വിൻ,ചെറുവാഞ്ചേരി സ്വദേശികളായ പി.എം.സന്ദീഷ്,സി. ബാലൻ എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നുമാണ് കടുവയുടെ തോലും പല്ലുകളും നഖങ്ങളും പിടികൂടിയത്. ഇവ കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്.
കടുവത്തോല്‍ കർണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് കടത്താൻ ഉപയോഗിച്ച ഇന്നോവകാറും കസ്റ്റഡിയിലെടുത്തു.
إرسال تعليق