ഡിഎംകെ പാളയത്തില്‍ ഒപിഎസ്; ജയലളിതയുടെ വിശ്വസ്തന്‍ പനീര്‍സെല്‍വം ഇനി സ്റ്റാലിനൊപ്പം
തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും അണ്ണാഡിഎംകെ പാര്‍ട്ടി കോ ഓര്‍ഡിനേറ്ററും ആയിരുന്ന ഒ.പനീര്‍സെല്‍വം (ഒപിഎസ്) ഡിഎംകെയില്‍. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ സന്ദര്‍ശിച്ച ഒപിഎസ് ഡിഎംകെ അംഗത്വം സ്വീകരിച്ചു. എംഎല്‍എ സ്ഥാനം രാജിവയ്ക്കും. ഒപിഎസിനൊപ്പം മകന്‍ പി. രവീന്ദ്രനാഥ് കുമാറും ഡിഎംകെയില്‍ ചേര്‍ന്നു. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ വിശ്വസ്തന്‍ കൂടിയായിരുന്ന ഒപിഎസ് എതിരാളികളായ ഡിഎംകെയ്‌ക്കൊപ്പം ചേരുന്നത്. ഡിഎംകെ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നു പറഞ്ഞ ഒപിഎസ് സ്റ്റാലിനെ പുകഴ്ത്തുകയും ചെയ്തു.
ജയലളിതയുടെ മരണശേഷം തമ്മില്‍ തല്ലായിരുന്ന അണ്ണാഡിഎംകെ പലതായി വിഘടിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നുവട്ടം ജയലളിത തിരഞ്ഞെടുത്തയാളാണ് ഒപിഎസ് എന്നാല്‍ എടപ്പാടി പളനിസാമി ഒപിഎസിനെ അകറ്റി നിര്‍ത്തി. പാര്‍ട്ടിയിലെ തന്റെ സ്ഥാനം പോകാതിരിക്കാനായി ഔദ്യോഗിക പക്ഷത്ത് നിന്ന് എടപ്പാടി ചരട് വലിച്ച് അണ്ണാഡിഎംകെയെ ബിജെപി പാളയത്തിലെത്തിച്ചു. ഇപിഎസ് ഇപ്പോള്‍ ബിജെപിക്ക് ഒപ്പമാണ്. ബിജെപിക്ക് എതിരെ പ്രവര്‍ത്തിക്കാനാണ് ഒപിഎസ് എത്തിയത് എന്നാണ് ഡിഎംകെ വ്യക്തമാക്കുന്നത്. ഡിഎംകെ സഖ്യം വളരെ ശക്തമാണ്. 200 സീറ്റുകളില്‍ ഞങ്ങള്‍ ജയിക്കും. തമിഴ്‌നാടിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് മുഖ്യമന്ത്രി സ്റ്റാലിനെന്ന് ഒപിഎസിന് അറിയാം. തമിഴ്‌നാടിനെതിരായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് കൈ കൊടുത്തിരിക്കുകയാണ് അണ്ണാ ഡിഎംകെയെന്നും ഒപിഎസിനെ സ്വാഗതം ചെയ്ത് ഡിഎംകെയുടെ ഇളംങ്കോവന്‍ പറഞ്ഞു.
എടപ്പാടി ഏകാധിപതിയാണെന്നും അഹങ്കാരിയാണെന്നും പനീര്‍സെല്‍വം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിയാത്ത സാഹചര്യം പളനിസാമി ഉണ്ടാക്കിയെന്നും പനീര്‍സെല്‍വം വ്യക്തമാക്കി. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പനീര്‍സെല്‍വം. സ്റ്റാലിന് നന്ദി പറഞ്ഞ പനീര്‍സെല്‍വം തന്റെ കയ്‌പ്പേറിയ അനുഭവങ്ങള്‍ക്ക് വിരാമമിടാനാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതനായതെന്നും വ്യക്തമാക്കി. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനായി ഡിഎംകെയ്ക്ക് വേണ്ടി തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ രണ്ട് തവണ ജയലളിത തിരഞ്ഞെടുത്തതും, മൂന്ന് തവണ എഐഎഡിഎംകെ മുഖ്യമന്ത്രിയായ വ്യക്തിയുമാണ് പനീര്‍സെല്‍വം. ബിജെപിയുടെ സഹായത്തോടെ എഐഎഡിഎംകെയില്‍ വീണ്ടും ചേരാനുള്ള 75കാരനായ പനീര്‍സെല്‍വത്തിന്റെ ശമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഡിഎംകെ നീക്കം. പനീര്‍സെല്‍വത്തെ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സില്‍ (എന്‍ഡിഎ) ഉള്‍പ്പെടുത്താന്‍ എഐഎഡിഎംകെ അനുമതി നല്‍കിയെങ്കിലും അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരികെ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ചു.
إرسال تعليق