Join News @ Iritty Whats App Group

ജോലിഭാരം കുറയ്ക്കാനായി നല്‍കിയ ഫോണ്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് ഭാരമാകുന്നു

ജോലിഭാരം കുറയ്ക്കാനായി നല്‍കിയ ഫോണ്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് ഭാരമാകുന്നു


ണ്ണൂർ: അങ്കണവാടി വർക്കർമാരുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നല്‍കിയ ഫോണ്‍ ഭാരമാകുന്നതിനൊപ്പം അമിതജോലിക്കും ഇടയാക്കുന്നു.


2018ലായിരുന്നു കേന്ദ്ര സർക്കാരിന്റെ 60 ശതമാനം ഫണ്ടും സംസ്ഥാന സർക്കാരിന്റെ 40 ശതമനം ഫണ്ടും ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ അങ്കണവാടി വർക്കർമാർക്ക് ഫോണുകള്‍ നല്‍കിയത്. ക്സോളോ (Xolo) എന്ന കന്പനിയുടെ ഫോണുകളായിരുന്നു വിതരണം ചെയ്തത്. ഏഴു വർഷത്തോളം പഴക്കമുള്ള ഫോണുകള്‍ ഭൂരിപക്ഷവും ഇന്നു ശരിയായ രീതിയില്‍ പ്രവർത്തിക്കാത്ത നിലയിലാണെങ്കിലും പുതിയ ഫോണുകള്‍ നല്‍കിയിട്ടില്ല.

അങ്കണവാടികളിലെ കുട്ടികളുടെ ഹാജർനില, പ്രദേശത്തെ ഗർഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാർക്കും ആറുമാസം മുതല്‍ മൂന്നു മാസം വരെ പ്രായമുള്ള കുട്ടികള്‍ക്കുമുള്ള പോഷകാഹാര വിതരണം എന്നിവയുടെ വിവരങ്ങള്‍ ഫോണിലെ സോഫ്റ്റ്വേർ ഉപയോഗിച്ചാണു മേഖലാ ഓഫീസുകളിലേക്കും ജില്ലാ ഓഫീസുകളിലേക്കും അയയ്ക്കേണ്ടത്. അങ്കണവാടികളിലെത്തി പോഷകാഹാരം വാങ്ങുന്നവരുടെ മുഖം ഫോട്ടോയെടുത്ത് അയയ്ക്കേണ്ടതുണ്ട്. എന്നാല്‍, കാലഹരണപ്പെട്ട ഫോണിലൂടെ ഇത് സാധ്യമാകുന്നില്ലെന്ന് വർക്കർമാർ പറയുന്നു.

നെറ്റ് വർക്ക് ലഭ്യമല്ലാത്ത അവസ്ഥയുമുണ്ട്. അങ്കണവാടി വർക്കർമാർക്ക് സംസ്ഥാന സർക്കാർ പ്രതിമാസം നെറ്റ് ചാർജ് ചെയ്തു കൊടുക്കുന്നുണ്ടെങ്കിലും ഫോണ്‍ പ്രവർത്തനക്ഷമമല്ലാത്തതിനാല്‍ ഇത് ഉപയോഗപ്പെടുത്താനും കഴിയുന്നില്ല. പലരും തങ്ങളുടെ സ്വന്തം ഫോണ്‍ ഉപയോഗപ്പെടുത്തിയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഇത് സാന്പത്തിക ബാധ്യതയ്ക്കും ഇടയാക്കുന്നുണ്ട്.

പുതിയ ഫോണ്‍ വിതരണം ചെയ്യുന്നതിനു കേന്ദ്ര സർക്കാർ 2024ല്‍ ഫണ്ട് അലോട്ട് ചെയ്യുകയും 2025ല്‍ പാസാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സർക്കാർ ഇതുമായി ബന്ധപ്പെട്ടുള്ള മറ്റു നടപടികള്‍ സ്വീകരിച്ചിട്ടില്ല. ജോലി ഭാരം കുറയ്ക്കാനായി ഫോണ്‍ ഉപയോഗപ്പെടുത്തി തുടങ്ങിയെങ്കിലും അതിനു മുന്പ് രജിസ്റ്ററില്‍ വിവരങ്ങള്‍ എഴുതി ച്ചേര്ക്കുന്ന രീതി അവസാനിപ്പിച്ചിരുന്നില്ല. ഇതു കാരണം ഫോണില്‍ അപ്ലോഡ് ചെയ്യുന്നതിനൊപ്പം രജിസ്റ്ററിലും കാര്യങ്ങള്‍ രേഖപ്പെടുത്തേണ്ടി വരുന്നുണ്ട്. ജോലി ഭാരം കുറയ്ക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയിലൂടെ ഒരു കാര്യം തന്നെ രണ്ടു പ്രാവശ്യം ചെയ്യേണ്ട അവസ്ഥയാണ് അങ്കണവാടിവർക്കർമാർ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെ പല അങ്കണവാടിവർക്കർമാരെയും ബിഎല്‍ഒമാരായി നിയോഗിച്ചതും ജോലിഭാരം ഇരട്ടിപ്പിക്കുന്നുണ്ട്.

സ്വന്തം കെട്ടിടങ്ങളില്‍ പ്രവർത്തിക്കുന്ന അങ്കണവാടികളിലെ വർക്കർമാർക്ക് സാന്പത്തിക ബാധ്യതയും സഹിക്കേണ്ടി വരുന്നുണ്ട്. അങ്കണവാടികളുടെ സ്വന്തം കെട്ടിടങ്ങള്‍ അതത് തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ പേരുകളിലാണു രജിസ്റ്റർ ചെയ്യുക.

എന്നാല്‍ ഇവിടങ്ങളിലെ വൈദ്യുതി ബില്‍, വെള്ളക്കരം എന്നിവ അങ്കണവാടി വർക്കർ തനിക്കു ലഭിക്കുന്ന ഓണറേറിയത്തില്‍ നിന്നുമാണ് നല്‍കേണ്ടി വരുന്നത്. കൂടാതെ അങ്കണവാടികളിലെ കുട്ടികള്‍ക്ക് വ്യത്യസ്തങ്ങളായ വിഭവങ്ങളുണ്ടാക്കാൻ അരി പൊടിക്കല്‍ ഉള്‍പ്പെടെയുള്ളവയുടെ ചെലവും ഇവർതന്നെ കണ്ടെത്തണം.

ക്ഷേമനിധി വിഹിതവും വെട്ടിക്കുറച്ചു

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലാണ് രാജ്യത്തെ അങ്കണവാടികളെങ്കിലും സംസ്ഥാനതലത്തില്‍ ശിശുവികസനപദ്ധതിക്കു കീഴിലാണ് പ്രവർത്തനം. അങ്കണവാടികളുടെ പ്രവർത്തനങ്ങള്‍ക്കുള്ള അറുപത് ശതമാനം ഫണ്ട് കേന്ദ്രസർക്കാരും നാല്‍പത് ശതമാനം സംസ്ഥാന സർക്കാരുമാണു വഹിക്കുന്നത്.

അങ്കണവാടിവർക്കർമാർ, ഹെല്‍പ്പർമാർ എന്നിവരുടെ ക്ഷേമപദ്ധതികള്‍ സംസ്ഥാന സർക്കാരിനു കീഴിലാണ്. ജീവനക്കാർ ക്ഷേമനിധിയിലേക്ക് അടയ്ക്കുന്ന തുകയ്ക്കു തുല്യമായ തുക സംസ്ഥാന സർക്കാർ വിഹിതമായും അടച്ചിരുന്ന രീതിയായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. ഇത് ഇപ്പോള്‍ വെട്ടിക്കുറച്ചത് അങ്കണവാടി മേഖലയിലെ ജീവനക്കാർക്ക് വിരമിക്കുന്പോള്‍ ലഭിക്കേണ്ട ആനുകൂല്യത്തെയും വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലം വരെ ജീവനക്കാർ അടച്ചുപോന്നിരുന്നതിനു തുല്യമായ തുക സർക്കാർ അടച്ചിരുന്നു.

എന്നാല്‍, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സർക്കാർ വിഹിതം അന്പത് ശതമാനമായും രണ്ടാം പിണറായി സർക്കാർ അത് 20 ശതമാനമായും വെട്ടിക്കുറച്ചു. സംസ്ഥാന സർക്കാരിന്റെ ഈ സമീപനം കാരണം 40 വർഷം വരെ ജോലി ചെയ്ത് വിരമിച്ചവർക്കു പോലും തുച്ഛമായ തുകയേ ആനുകൂല്യമായി ലഭിക്കുന്നുള്ളൂവെന്ന് ഇന്ത്യൻ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സുമ വിനായക് പറഞ്ഞു.

അങ്കണവാടി മേഖലയിലെ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുക, ജോലി ചെയ്യാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയാവശ്യപ്പെട്ട് ഇന്ത്യൻ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും സുമ വിനായക് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group