ശബരിമല സ്വർണക്കൊള്ള കേസ് ; പൂജയിൽ പങ്കെടുത്തത് ഭക്തിയുടെ ഭാഗമായി മാത്രം; ജയറാം ഇഡിക്ക് മുന്നിൽ
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടന് ജയറാം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിലേക്ക്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ജയറാമിന് ഇഡി നേരത്തെ സമന്‍സ് നല്‍കിയിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇരുവരും തമ്മിലുള്ള മറ്റ് ബന്ധങ്ങളെക്കുറിച്ചുമാണ് ഇഡി അന്വേഷിക്കുന്നത്.
കേസില്‍ നേരത്തെ പ്രത്യേക അന്വേഷണ സംഘം ജയറാമിനെ ചെന്നൈയിലെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. നിലവില്‍ കേസില്‍ സാക്ഷിപ്പട്ടികയിലാണ് ജയറാം ഉള്‍പ്പെട്ടിരിക്കുന്നത്.2019ല്‍ ശബരിമല നടയിലെ സ്വര്‍ണം പൂശിയ കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് ജയറാമും കേസിന്റെ ഭാഗമായത്.
ഭക്തിയുടെ ഭാഗമായാണ് താന്‍ പൂജയില്‍ പങ്കെടുത്തതെന്നും മറ്റൊന്നുമറിയില്ലെന്നുമാണ് ജയറാം പ്രത്യേക അന്വേഷണസംഘത്തിന് നല്‍കിയിട്ടുള്ള മൊഴി.എന്നാല്‍ കട്ടിളപ്പാളി വീട്ടില്‍ എത്തിച്ചതിന് പിന്നില്‍ വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. കേസില്‍ ഇന്നലെ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി ജയശ്രീയെ ഇഡി ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റി ഉള്‍പ്പെടെയുള്ളവരെയും ഇഡി ചോദ്യം ചെയ്യും.
إرسال تعليق