'രാജ്യത്തെ അമേരിക്കയ്ക്ക് വിറ്റു, പ്രധാനമന്ത്രി എപ്സ്റ്റീൻ ഫയൽ ഭയന്ന് രാജ്യത്തെ അടിയറവ് വച്ചു', മോദി നുണയനെന്നും രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സർക്കാരിന്റെ വിദേശ-സാമ്പത്തിക നയങ്ങൾക്കെതിരെയും കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ സംസാരിക്കാൻ പലതവണ ശ്രമിച്ചിട്ടും പ്രതിപക്ഷത്തിന്റെ ശബ്ദം സർക്കാർ അടിച്ചമർത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാർ രാജ്യത്തെ തകർക്കുമെന്നും അഴിമതി ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് മോദി അമേരിക്കയ്ക്ക് കീഴടങ്ങിയതെന്നും രാഹുൽ ആരോപിച്ചു.
ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ നരവനെ ഉന്നയിച്ച ഗൗരവകരമായ ചോദ്യങ്ങൾ സർക്കാർ അവഗണിച്ചു. എന്ത് ചെയ്യണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചോദിച്ചിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ് ചെയ്തത്. ഈ വിഷയത്തിൽ രാഷ്ട്രീയ തീരുമാനം എടുക്കാതെ സർക്കാർ ഒളിച്ചോടുകയായിരുന്നു എന്നും രാഹുൽ പറഞ്ഞു. പാർലമെന്റിനെയോ മന്ത്രിസഭയെയോ അറിയിക്കാതെയാണ് അമേരിക്കയുമായുള്ള കരാറിൽ ഒപ്പിട്ടത്. ഡൊണാൾഡ് ട്രംപ് പറഞ്ഞാണ് രാജ്യം വിവരമറിഞ്ഞത്. എപ്സ്റ്റീൻ ഫയലിൽ പ്രധാനമന്ത്രി മോദിയുടെയും അംബാനിയുടെയും ഹർദീപ് സിംഗ് പുരിയുടെയും പേരുകളുണ്ടെന്നും ഈ ബ്ലാക്ക്‌മെയിലിംഗിനെ ഭയന്നാണ് മോദി അമേരിക്കയ്ക്ക് പൂർണ്ണമായും കീഴടങ്ങിയതെന്നും പ്രധാനമന്ത്രി നുണയനാണെന്നും അദ്ദേഹം ആരോപിച്ചു.
പുതിയ കരാർ മൂലം ഇന്ത്യയുടെ കാർഷിക മേഖലയും ടെക്സ്റ്റൈൽ മേഖലയും തകർന്നു. അമേരിക്കൻ സുപ്രീം കോടതിയിൽ നിന്ന് തന്നെ ട്രംപിനേറ്റ തിരിച്ചടി കണ്ടില്ലേ. കരാര്‍ രാജ്യത്തിന് വൻ നഷ്ടമുണ്ടാക്കി. ഭാവിതലമുറയുടെ ഭാഗധേയം മോദി വിദേശികൾക്ക് അടിയറവ് വെച്ചുവെന്നും രാഹുൽ കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെ ആരെ അറസ്റ്റ് ചെയ്താലും ഭയക്കില്ലെന്നും പ്രതിഷേധം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കരാറിൽ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി ഒളിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
إرسال تعليق