ക്ഷേമ പദ്ധതികളില്‍ ജനങ്ങളുടെ അഭിപ്രായം അറിയാന്‍ സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റ്; നവകേരള സര്‍വേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതിയുടെ സ്റ്റേ
ര്‍ക്കാര്‍ നടത്തുന്ന ക്ഷേമ പദ്ധതികളില്‍ ജനങ്ങളുടെ അഭിപ്രായം അറിയാന്‍ സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് സുപ്രീം കോടതി. നവകേരള സര്‍വേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജോയ് മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. സര്‍ക്കാര്‍ നടത്തുന്ന ക്ഷേമ പദ്ധതികളില്‍ ജനങ്ങളുടെ അഭിപ്രായം അറിയാന്‍ സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് സര്‍വേ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് തടസ്സ ഹര്‍ജി ഫയല്‍ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. നവകേരള സര്‍വേ നടത്തുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രവര്‍ത്തകരെ ഉപയോഗിച്ചാണെന്നും സര്‍വേ സംബന്ധിച്ച പ്രഖ്യാപനം ആദ്യം നടത്തിയത് ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണെന്നും തടസ്സഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഏതെങ്കിലും ഒരു പ്രാദേശിക നേതാവ് നടത്തുന്ന പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിക്ക് തീരുമാനം എടുക്കാനാകുമോയെന്ന് സുപ്രീം കോടതി ചോദിച്ചു.
നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കിയത് പരിപാടി നിയമവിരുദ്ധമെന്നാണ് നിരീക്ഷിച്ചാണ്. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കിയിരന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതു ഖജനാവിലെ പണവും ദുരുപയോഗം ചെയ്ത് നടത്തുന്ന സര്‍വേ രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാമെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ ഓടയ്ക്കാലി സ്വദേശി എം.എച്ച്. മുബാസും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും നല്‍കിയ ഹര്‍ജികള്‍ അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി. എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായിരുന്നത്. ഇതാണ് സുപ്രീം കോടതി ഇപ്പോള്‍ സ്‌റ്റേ ചെയ്തത്.
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സര്‍വേയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്ന പണം സംബന്ധിച്ച കണക്ക് ആവശ്യമെങ്കില്‍ ഉചിതമായ സമയത്ത് പരിശോധിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശി, അഭിഭാഷകരായ വിനീത ബി., മീന കെ. പൗലോസ് എന്നിവര്‍ ഹാജരായി. തടസ്സഹര്‍ജി ഫയല്‍ചെയ്ത കെ.എസ്.യു. സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍, കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലാ പഞ്ചായത്തംഗം മുബാസ് ഓണക്കാലി എന്നിവര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ നരേന്ദ്ര ഹൂഡ, അഭിഭാഷകന്‍ അല്‍ജോ കെ. ജോസഫ് എന്നിവര്‍ ഹാജരായി.
إرسال تعليق