Join News @ Iritty Whats App Group

ഉമിനീർ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റിൽ ഫലം കിട്ടും, പരിശോധന കടുപ്പിക്കാൻ തീരുമാനം

ഉമിനീർ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റിൽ ഫലം കിട്ടും, പരിശോധന കടുപ്പിക്കാൻ തീരുമാനം


കൊച്ചി: എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തിൽ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി പൊലീസ്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ‘സൊറ്റോക്സ്’ അനലൈസറുകളുടെ ഉപയോഗം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. സമാന സംവിധാനം എക്സൈസ് വകുപ്പ് നേരത്തേ പ്രയോഗത്തിലുണ്ട്. ലഹരി കേസുകളുടെ വർധനവാണ് പൊലീസ് സേനയെ ഈ നീക്കത്തിലേക്ക് നയിച്ചത്.

ഇപ്പോൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ പൊലീസ് യൂണിറ്റുകൾക്കാണ് അനലൈസറുകൾ നൽകിയിരിക്കുന്നത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന വിവിധ സംഘടനകളുടെ സഹായത്തോടെയാണ് ഉപകരണങ്ങൾ പൊലീസിന് ലഭിച്ചത്. ഏകദേശം 2,000 രൂപ വിലവരുന്ന ഒരു കിറ്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാനാകൂ. ചെലവ് കൂടുതലായതിനാൽ വിവിധ ഫണ്ടുകൾ സമാഹരിച്ച് കിറ്റുകളുടെ എണ്ണം വർധിപ്പിക്കാനാണ് പൊലീസിന്റെ പദ്ധതി.

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ ബ്രെത്തലൈസർ ഉണ്ടായിരുന്നുവെങ്കിലും രാസ ലഹരി ഉപയോഗം തിരിച്ചറിയുന്നത് ഇതുവരെ ബുദ്ധിമുട്ടായിരുന്നു. സംശയാസ്പദരായവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി രക്തം, നഖം, മുടി എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് അയക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. സംശയത്തിന്റെ പേരിൽ നേരിട്ട് രക്ത പരിശോധന നടത്തുന്നതിലും നിയന്ത്രണങ്ങളുണ്ടായിരുന്നു. പുതിയ സംവിധാനത്തിൽ ഉമിനീർ സാമ്പിൾ ഉപയോഗിച്ച് രണ്ട് മിനിറ്റിനകം ഫലം ലഭ്യമാകും. വാഹന പരിശോധനയ്ക്കിടെ സംശയം തോന്നുന്നവരെ ഉടൻ പരിശോധിച്ച് മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ ഇതിലൂടെ സാധിക്കും.

കൊച്ചി സിറ്റിയിൽ മാത്രം 2,000 അനലൈസറുകൾ കൂടി വാങ്ങാനുള്ള നടപടികൾ തുടങ്ങി. പദ്ധതി വിജയകരമായാൽ മറ്റ് പൊലീസ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. ഡി-ഹണ്ട് ഓപ്പറേഷൻ സംസ്ഥാനത്തുടനീളം തുടരുന്നു. പ്രതിദിനം ശരാശരി 1,100 മുതൽ 1,300 പേർ വരെ പരിശോധനയ്ക്ക് വിധേയരാകുന്നു. ഇതിൽ ശരാശരി 50 കേസുകൾ രജിസ്റ്റർ ചെയ്യുകയും 75 മുതൽ 90 വരെ ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുവെന്ന് പൊലീസ് അറിയിച്ചു. എക്സൈസ് വകുപ്പും വൻതോതിൽ ലഹരി പിടികൂടുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group