തമിഴ്നാട്ടില്‍ നിന്ന് മൂന്നുമാസം മുന്‍പ് കാണാതായ വനിതാ ഡോക്ടറെ കൊച്ചിയിൽ കണ്ടെത്തി
കൊച്ചി: മൂന്നു മാസം മുമ്പ് തമിഴ്നാട്ടില്‍ നിന്ന് കാണാതായ വനിതാ ഡോക്ടറെ കൊച്ചിയില്‍ നിന്ന് കണ്ടെത്തി. തമിഴ്നാട് പോലീസ് മാസങ്ങളായി അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ പോയ നാഗര്‍കോവില്‍ സ്വദേശിയായ ഡോ. ശ്രീവിദ്യ(39)യെയാണ് കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ എസ്ഐ സിബി കെ. ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാതാപിതാക്കളെ ഏല്പിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് രാത്രി പത്തോടെ വൈറ്റില ഹബ്ബില്‍ ഒരു യുവതി ഇരുന്ന് കരയുന്നത് ശ്രദ്ധയില്‍പ്പെട്ട പട്രോളിംഗ് സംഘം കണ്ട്രോള് റൂം വാഹനത്തില്‍ ഇവരെ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സ്വന്തം പേരും താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന്റെ പേരും മാത്രമേ ഇവര്‍ക്ക് ഓര്മയുണ്ടായിരുന്നുള്ളൂ.
ഇവരെ താത്കാലികമായി താമസിപ്പിക്കുന്നതിനായി വനിതാ പോലീസ് കാക്കനാട്ടെ സഖിയില്‍ എത്തിച്ചെങ്കിലും യുവതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് അവര്‍ കൈയൊഴിഞ്ഞു. തുടര്‍ന്ന് കാക്കനാടെ സ്നേഹിതയില്‍ താത്കാലിക അഭയം നല്കി. എഎസ്ഐ ശര്‍മിളയുടെ മേല്‍ നോട്ടത്തില്‍ സിപിഒമാരായ അമൃത, വീണ എന്നിവര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ സൗത്ത് ജനതാ റോഡില്‍ വനിതാ ഡോക്ടര്‍ താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനം കണ്ടെത്തി.
അവിടെ പരിശോധന നടത്തിയപ്പോള്‍ ഡോക്ടറുടെ ബാഗും ഐഫോണും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഐ ഫോണിന്റെ ലോക്ക് തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ ഫോണ്‍ ലോക്ക് മാറ്റുന്നതിന് സൈബര്‍ സെല്ലിന് നിര്‍ദേശം നല്കി.
പോലീസ് സംഘം ഫോണിലുണ്ടായിരുന്ന നമ്പറില്‍ ബുധനാഴ്ച ബന്ധപ്പെട്ടപ്പോള്‍ അത് വനിതാ ഡോക്ടറുടെ മുന്‍ ഭര്‍ത്താവിന്റേതായിരുന്നു. സൈക്യാട്രിസ്റ്റായ ഇദ്ദേഹവും വനിതാ ഡോക്ടറും ഇപ്പോള്‍ പിരിഞ്ഞു താമസിക്കുകയാണ്. സൈക്യാട്രിസ്റ്റ് നല്കിയ മൊബൈല്‍ ഫോണ്‍ നമ്പറില്‍ യുവതിയുടെ മാതാപിതാക്കളെ പോലീസ് ബന്ധപ്പെട്ടു. അപ്പോഴാണ് മൂന്നു മാസം മുമ്പ് നാഗര്‍കോവില്‍ പോലീസ് ഡോക്ടറുടെ തിരോധാനവുമായി ബന്ധപ്പെട്ട് മിസിംഗ് കേസ് എടുത്തിട്ടുള്ളതാണെന്ന വിവരം ലഭിച്ചത്.
വനിതാ ഡോക്ടര്‍ കൊച്ചിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചിനെ തുടര്‍ന്ന് തമിഴ്നാട് പോലീസ് സംഘം നാലു ദിവസം മുമ്പ് കൊച്ചിയിലെത്തി അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച തമിഴ്നാട് പോലീസിനൊപ്പം വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍ എറണാകുളം വനിതാ പോലീസ് സ്റ്റേഷനിലെത്തി മകളുമായി നാട്ടിലേക്ക് മടങ്ങി. വനിതാ ഡോക്ടര്‍ക്ക് മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.
إرسال تعليق