കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ തീപിടിത്തം; ഷൂട്ടിംഗിന് പിന്നാലെയാണ് തീ പടർന്നത്; 7 ലക്ഷം രൂപയുടെ നഷ്ടം
പള്ളിക്കത്തോട്: പള്ളിക്കത്തോട് കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഷൂട്ടിംഗ് ഫ്ളോറില്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഏഴിനാണ് സംഭവം. ഫ്ളോറില്‍നിന്നു പുക ഉയരുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.
പ്രത്യേക ഷീറ്റ് കൊണ്ട് നിര്‍മിച്ച വലിയ ഹാളിനുള്ളിലാണ് ഷൂട്ടിംഗ് ഫ്ളോര്‍ നിര്‍മിച്ചിരിക്കുന്നത്. കാര്‍ഡ് ബോര്‍ഡുകളും മറ്റും ഉപയോഗിച്ച് വിവിധ തരത്തിലുള്ള കെട്ടിടങ്ങളും വീടുകളും റോഡുകളും ഷൂട്ടിംഗിനായി ഉണ്ടാക്കിയിരുന്നു. തീ ഇതിലേക്ക് പടരുകയായിരുന്നു. ഷൂട്ടിംഗ് ഫ്ളോറില്‍ സജ്ജീകരിച്ചിരുന്ന റൂറല്‍ സെറ്റും ലൈറ്റുകളും ബാറ്ററികളും പൂര്‍ണമായും കത്തിനശിച്ചു.
ഏഴു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. ഈ സമയത്ത് ആരും ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി. ഇന്നലെ പകല്‍ ഇവിടെ ഷൂട്ടിംഗുണ്ടായിരുന്നു. ഇതിനായി അടുപ്പ് പോലുള്ള സാധനങ്ങള്‍ ഒരുക്കിയിരുന്നു. ഇതില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നാണ് കരുതുന്നത്. പാമ്പാടി, കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളില്‍നിന്നും ഫയര്‍ഫോഴ്സെത്തി ഒന്നര മണിക്കൂറോളം സമയമെടുത്താണ് തീ അണച്ചത്.
Post a Comment