തീരുവ 25ൽ നിന്ന് 18 ശതമാനമായി കുറച്ച് ട്രംപ്; ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ തീരുവ ഇന്ത്യയ്ക്ക്; ട്രംപിന് നന്ദി പറഞ്ഞ് നരേന്ദ്ര മോദി
ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ തീരുവയുള്ള രാജ്യമായി ഇന്ത്യ. ഇന്ത്യയുമായുള്ള വ്യാപാരക്കരാറായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചതോടെയാണ് ഏറ്റവും കുറഞ്ഞ തീരുവയുള്ള രാജ്യമായി ഇന്ത്യ മാറിയത്. തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി അമേരിക്ക കുറച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചതിന് ശേഷമാണ് തീരുവ കുറച്ചതായി ട്രംപ് തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി ഇക്കാര്യം അറിയിച്ചത്.
പുതിയ വ്യവസ്ഥപ്രകാരം ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ തീരുവ ഇന്ത്യയ്ക്കാണ്. പാകിസ്താൻ 19 ശതമാനം, ബംഗ്ലാദേശ്-20 ശതമാനം, വിയറ്റ്‌നാം-19 ശതമാനം, മലേഷ്യ-19 ശതമാനം, കമ്പോഡിയ-19 ശതമാനം, തായ്‌ലന്റ്-19 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്രധാന ഏഷ്യൻ രാജ്യങ്ങളുടെ താരിഫ് നിരക്ക്.
ഇന്ത്യയുടെ പ്രധാന വ്യാപാര പ്രതിയോഗിയായ ചൈനയ്ക്ക് 37 ശതമാനമാണ് തീരുവ. ബ്രസീൽ-50 ശതമാനം, ദക്ഷിണാഫ്രിക്ക-30 ശതമാനം, മ്യാൻമർ-40 ശതമാനം, ലാവോസ്-40 ശതമാനം എന്നിങ്ങനെയാണ് ഉയർന്ന തീരുവയുള്ള രാജ്യങ്ങളുടെ കണക്ക്. യുകെ ആണ് ഏറ്റവും കുറഞ്ഞ തീരുവയുള്ള രാജ്യം. പത്ത് ശതമാനമാണ് അവരുടെ തീരുവ. യുറോപ്യൻ യൂണിയൻ 15 ശതമാനം, ജപ്പാൻ 15 ശതമാനം, സ്വിറ്റ്‌സർലന്റ് 15 ശതമാനം-എന്നിങ്ങനെയാണ് കുറഞ്ഞ തീരുവയുള്ള രാജ്യങ്ങളുടെ കണക്ക്.
ഇന്ത്യയ്ക്കു ചുമത്തിയ പകരംതീരുവ 18 ശതമാനമാക്കി കുറച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. സമൂഹമാധ്യമ പോസ്റ്റിലാണ് മോദി ട്രംപിന് നന്ദി അറിയിച്ചത്.
Post a Comment