Join News @ Iritty Whats App Group

4 പേർക്ക് പുതുജീവൻ നൽകി മടക്കം, ആലിൻ ഷെറിന് ആദരവോടെ വിട നൽകാൻ കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ഇന്ന്

4 പേർക്ക് പുതുജീവൻ നൽകി മടക്കം, ആലിൻ ഷെറിന് ആദരവോടെ വിട നൽകാൻ കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ഇന്ന്


തിരുവനന്തപുരം:ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ചരിത്രം കുറിച്ച് കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്. കഴിഞ്ഞ ദിവസം തന്നെ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ചാപ്പലിൽ ഇന്ന് രാവിലെ ഏഴോടെ പ്രാർത്ഥന തുടങ്ങി. അരമണിക്കൂർ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പൊതുദർശനമുണ്ടാകും. ആശുപത്രിയിലേക്ക് നിരവധി പേരാണ് ആലിന് അന്തിമോപചാരമര്‍പ്പിക്കാനായി എത്തുന്നത്. ആശുപത്രിയിലെ പൊതുദര്‍ശനത്തിനുശേഷമായിരിക്കും പത്തനംതിട്ട നെടുങ്ങാടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോവുക.

ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം വൈകിട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ നടക്കും. ആലിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു.പത്ത് മാസം പ്രായമുള്ള ആലിന്റെ അവയവങ്ങൾ 4 കുഞ്ഞുങ്ങൾക്കാണ് പുതുജീവിതമേകുന്നത്. ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ആലിൻ ഷെറിന് കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് ആലിൻ. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന് ​ഗാർഡ് ഓഫ് ഓണർ നൽകിയാണ് കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് യാത്രയാക്കിയത്.

Post a Comment

Previous Post Next Post
Join Our Whats App Group