കേരള രാഷ്ട്രീയത്തിൽ പുതിയ പോർമുഖം, നിയമസഭാ തെരഞ്ഞെടുപ്പിൽ കർഷക സംഘടനയായ കിഫ മത്സരത്തിന്, 30 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ
കോഴിക്കോട്: വന്യമൃഗ ശല്യത്തിനും കർഷക വിരുദ്ധ നയങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുള്ള കർഷക സംഘടനയായ കിഫ, കേരള ഇൻഡിപെൻഡൻഡ് ഫാര്‍മേസ് അസോസിയേഷൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. വന്യമൃഗ ശല്യം രൂക്ഷമായ സംസ്ഥാനത്തെ 30 നിയമസഭാ മണ്ഡലങ്ങളിലാണ് സംഘടന സ്ഥാനാർത്ഥികളെ ഇറക്കുന്നത്. ഇതിൽ ആദ്യഘട്ടമായി 10 സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കും.
കർഷകർ ഏറെ പ്രതിസന്ധി നേരിടുന്ന കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് കിഫ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മത്സരിക്കുന്ന കണ്ണൂരിലെ പേരാവൂർ മണ്ഡലത്തിൽ കിഫ സ്ഥാനാർത്ഥിയെ നിർത്തും. കിഫ സംസ്ഥാന അധ്യക്ഷൻ അലക്സ് ഒഴുകയിൽ തന്നെയാകും ഇവിടെ ജനവിധി തേടുന്നത്. വന്യമൃഗ ശല്യം മൂലം പൊറുതിമുട്ടിയ കർഷകരുടെ ശബ്ദം നിയമസഭയിൽ എത്തിക്കുകയും മലയോര മേഖലകളിലെ അവഗണനയ്ക്കെതിരെ രാഷ്ട്രീയമായി പോരാടുകയുമാണ് സംഘടനയുടെ ലക്ഷ്യം.
വന്യമൃഗ ആക്രമണങ്ങളിൽ ജീവനും സ്വത്തും നഷ്ടപ്പെടുന്ന കർഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള സംഘടനയാണ് കിഫ. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് വെല്ലുവിളി ഉയര്‍ത്തും. കർഷകരുടെ പ്രശ്നങ്ങളിൽ സർക്കാർ പുലർത്തുന്ന നിസ്സംഗതയ്ക്കെതിരെയുള്ള ബാലറ്റ് പോരാട്ടമായിരിക്കും ഇതെന്ന് സംഘടന വ്യക്തമാക്കുന്നു.
എന്താണ് കിഫ
കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ കർഷകർക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കിഫ നടത്തിയ നിയമപോരാട്ടം ശ്രദ്ധേയമായിരുന്നു. ഇതിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ ഇടക്കാല ഉത്തരവ് നേടാൻ സംഘടനയ്ക്ക് സാധിക്കുകയും ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനങ്ങൾക്കെതിരെയും കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാനുമായി സൗജന്യ നിയമസഹായം കിഫ നൽകിവരുന്നുണ്ട്
പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി, കർഷകരുടെ താൽപ്പര്യങ്ങൾ മാത്രം മുൻനിർത്തിയാണ് കിഫ പ്രവർത്തിക്കുന്നത്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കർഷക പ്രശ്നങ്ങൾ പ്രധാന ചർച്ചാവിഷയമാക്കാൻ സംഘടന ലക്ഷ്യമിടുന്നു. വാർഡ് തലത്തിലുള്ള കർഷക ഗ്രൂപ്പുകൾ ആണ് കിഫയുടെ അടിസ്ഥാനം. അവിടെ നിന്ന് പഞ്ചായത്ത്, മണ്ഡലം, ജില്ല, സംസ്ഥാന തലങ്ങളിലേക്ക് നീളുന്ന ജനാധിപത്യപരമായ ഘടനയാണ് സംഘടനയ്ക്കുള്ളത്.
إرسال تعليق