പടിയൂർ കല്ല്യാട് അന്തരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം. കേന്ദ്രത്തിന്റെ ഒന്നാം ഘട്ടം ഉൽഘാടനം 20 ന്
ഇരിട്ടി: പടിയൂർ പഞ്ചായത്തിന്റെയും കല്ല്യാടിന്റെയും മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയായി മാറും കണ്ണൂർ അന്തരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം. കേന്ദ്രത്തിന്റെ ഒന്നാം ഘട്ടം പടിയൂർ പഞ്ചായത്തിലെ കല്ല്യാട് പറമ്പിൽ പ്രവർത്തന പഥത്തിലേക്ക് എത്തിനില്‌ക്കെ ഗവേഷണ കേന്ദ്രം തുറന്നിടുന്ന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള നടപടികൾക്കും മേഖലയിൽ തുടക്കം കുറിക്കുകയാണ്. അവികസിത മേഖലയായ കല്യാട് മേഖലയുടെ മുഖച്ഛായ മാറ്റിയെടുക്കാനുള്ള പദ്ധതികളും പ്രവർത്തനങ്ങളും ഇതോടൊപ്പം വളർന്നു വരും. ഗതാഗത മേഖലയിൽ ഉണ്ടാകുന്ന വലിയ വികസനത്തിനൊപ്പം പ്രദേശികമായി കൂടുതൽ തൊഴിൽ സാധ്യതകളും കേന്ദ്രം തുറന്നിടുന്നു. ഔഷധ സസ്യങ്ങൾ വളർത്തുന്നതിനും വരുമാന മാർഗം എന്ന നിലയിൽ ഈ മേഖലയെ മാറ്റിയെടുക്കാനും കഴിയും. കേന്ദ്ര ബജറ്റിൽ ആയുഷ് മന്ത്രാലത്തിന് നൽകിയ മികച്ച പരിഗണനയുടെ ഗുണം അന്താരാഷ്ട്ര ഗവേഷണ കേന്ദ്രത്തിന് ലഭ്യമാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാക്കണം. ബജറ്റിൽ 20-ശതമാനത്തിലധികം വഹിതമാണ് മന്ത്രാലയത്തിന് ലഭ്യമാക്കിയിരിക്കുന്നത്. 4408.93 കോടി രൂപയാണ് ആയുഷ് മന്ത്രാലയത്തിന് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.
ഒന്നാം ഘട്ടത്തിൽ ആശുപത്രി, ലൈബ്രറി, മാനുസ്‌ക്രിപ്റ്റ് കേന്ദ്രം, നേഴ്സറി ബ്ലോക്ക്, ചുറ്റുമതിൽ, റോഡ് എന്നിവയാണ് പൂർത്തിയാക്കിയിരിക്കുന്നത്. 1.60 ലക്ഷം സ്‌ക്വർഫീറ്റിൽ100 കിടക്കകളോട് കൂടിയ ആശുപത്രിയും 19,000സ്‌ക്വയർഫീറ്റിൽ മാനുസ്‌ക്രിപ്റ്റ് കേന്ദ്രവും,380 ചതുരശ്ര അടിയിൽ നേഴ്സറി ബ്ലോക്കുമാണ് നിർമ്മിക്കുന്നത്. 36 ഏക്കറിലാണ് നിർമ്മാണം നടക്കുന്നത്. 314 ഏക്കറാണ് റിസർച്ച് കേന്ദ്രത്തിനായി സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഇതിൽ 286 ഏക്കറാണ് കൈമാറിയിരിക്കുന്നത്. അവശേഷിക്കുന്ന ഭൂമി നിയമനടപടികളിൽപ്പെട്ട് കിടക്കുകയാണ്. ഈ ഭൂമിയും ഗവേഷണ കേന്ദ്രത്തിന് ലഭ്യമാക്കാനുളള നടപടികൾ നിയമതലത്തിൽ തുടരുകയുമാണ്. രണ്ടാം ഘട്ടത്തിൽ അക്കാദമിക്ക് ബ്ലോക്ക്, മ്യൂസിയം, റിസർച്ച് സെന്റർ, താമസ സൗകര്യം എന്നിവ കൂടി വികസനിക്കുന്നതോടെ കല്യാട് പ്രദേശം വലിയ മാറ്റത്തിന് വിധേയമാകും. കിറ്റ്കോയാണ് പദ്ധതിയുടെ കൺസൾട്ടൻസിയായി നിയോഗിച്ചിരിക്കുന്നത്. ആദ്യ ഘട്ട പ്രവർത്തനം ഏറണാകുളത്തെ ശിൽപ്പ പ്രൊജക്ടാണ് ഏറ്റെടുത്തിരിക്കുന്നത്.
പ്രദേശത്ത് റവന്യു വകുപ്പിന്റെ അധീനതയിലുള്ള നൂറ് ഏക്കറിലധികം സ്ഥലവും സ്വകാര്യ വ്യക്തികളിൽ നിന്നും 200-ൽ അധികം ഏക്കർ സ്ഥലവും ഏറ്റെടുത്താണ് ഗവേഷണ കേന്ദ്രത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കിയിരിക്കുന്നത്.
ഗവേഷണ കേന്ദ്രത്തിന് സമീപം 33 കെ.വി സബ്സ്റ്റേഷൻ സ്ഥാപിക്കും
വൈദ്യുതി ലഭ്യത ഉറപ്പു വരുത്തുന്നതിനായി ഗവേഷണ കേന്ദ്രത്തോട് ചേർന്ന് 33 കെ.വി സബ്സ്റ്റേഷൻ ആരംഭിക്കും. ഇതിനുള്ള പദ്ധതി റിപ്പോർട്ടും നേരത്തെ തന്നെ തെയ്യാറാക്കിയിരുന്നു.ഒന്നാം ഘട്ടം പ്രവർത്തനത്തിലേക്ക് എത്തുന്നതോടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് വേഗത കൈവരും. ഇരിട്ടി ഭാഗങ്ങളിൽ നിന്നും ഗവേഷണ കേന്ദ്രത്തിലേക്ക് എത്താനുള്ള പടിയൂർ പൂവ്വത്തുനിന്നുള്ള റോഡ് പൂർണ്ണമായും തകർന്നു കിടക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് ഇതോടൊപ്പം വീതി കൂട്ടി നവീകരിക്കണമെന്നാവശ്യവും ശക്തമായി ഉയരുന്നുണ്ട്.
إرسال تعليق