തിരുവല്ല സ്പായിലെ കൂട്ട ബലാത്സംഗം; 2 പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി, കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിൽ
തിരുവല്ല:തിരുവല്ല സ്പാ കൂട്ട ബലാത്സംഗ കേസിൽ രണ്ടു പ്രതികൾ കൂടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒളിവിലായിരുന്ന കിരണം സജിനുമാണ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇതോടെ കേസിൽ ഉൾപ്പെട്ട 6 പ്രതികളും പൊലീസിൻ്റെ പിടിയിലായി. നേരത്തെ, ഒരാളെ കൂടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ മുഖ്യപ്രതിയായ മരണ സുബിൻ, ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവര്‍ നേരത്തെ തന്നെ പിടിയിലായിരുന്നു.
കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തിരിക്കുന്നത്. ഗുണ്ടാപിരിവ് നൽകാത്തതിനായിരുന്നു സ്പാ ജീവനക്കാരിയെ കാപ്പാ പ്രതി മരണ സുബിൻ അതിക്രൂര പീഡനത്തിന് ഇരയാക്കിയത്. എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു. ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തൽ ഗൗരവത്തോടൊണ് പൊലീസ് കാണുന്നത്. സഹപ്രവർത്തകയും അവരുടെ ആൺസുഹൃത്തും കേസിൽ പ്രതികളായേക്കും. സ്പാ കളിൽ നിന്നു മാസപ്പടി വാങ്ങൽ, ഗുണ്ടാ ബന്ധം എന്നിങ്ങനെ തിരുവല്ല സ്റ്റേഷനിലെ ചില പൊലീസുകാർക്കെതിരായ ആക്ഷേപത്തിൽ വകുപ്പുതല പരിശോധനയും നടക്കുന്നുണ്ട്.
അതേസമയം, കാപ്പ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സ്പാ ബലാത്സംഗ കേസിൽ വീണ്ടും സുബിൻ പ്രതിയായത്. കൊടും ക്രിമിനലായ മരണ സുബിനെ അഴിക്കുള്ളിൽ തന്നെ കിടത്താനാണ് പൊലീസ് നീക്കം. ഇപ്പോഴത്തെ കേസിൽ ജാമ്യം ലഭിച്ചാൽ ഉടൻ വീണ്ടും കാപ്പ ചുമത്തി ജയിലിലാക്കും. ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കാനുള്ള ശുപാർശ എസ്പി ജില്ലാ കളക്ടർക്ക് നൽകി.
إرسال تعليق