Join News @ Iritty Whats App Group

കാറിനുള്ളിൽ കുടുങ്ങി 12 വയസുകാരി;ഉരുവച്ചാലിൽ വ്യാപാരികളുടെ ജാഗ്രതയിൽ ദുരന്തം ഒഴിവായി

കാറിനുള്ളിൽ കുടുങ്ങി 12 വയസുകാരി;ഉരുവച്ചാലിൽ വ്യാപാരികളുടെ ജാഗ്രതയിൽ ദുരന്തം ഒഴിവായി


ഉരുവച്ചാൽ:അശ്രദ്ധ മൂലം കാറിനുള്ളിൽ കുടുങ്ങിയ 12 വയസുകാരിയെ നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഉരുവച്ചാൽ ടൗണിലാണ് സംഭവം നടന്നത്.

കാർ ഓടിച്ചെത്തിയ യുവതി കുട്ടിയുടെ മുടി മുറിപ്പിക്കാനായി ബാർബർഷോപ്പിലേക്ക് പോകുന്നതിനിടെ അബദ്ധത്തിൽ കാർ ലോക്ക് ചെയ്തതാണ് സംഭവം. ബന്ധുവായ 12 വയസുകാരിയെ കാറിന്റെ പിറകിലെ സീറ്റിൽ ഇരുത്തിയാണ് യുവതി പോയത്.

അൽപ്പസമയം കഴിഞ്ഞപ്പോൾ കാറിനുള്ളിൽ കുടുങ്ങിയ കുട്ടി ശ്വാസംമുട്ടൽ അനുഭവിച്ച് ചില്ലിൽ മുട്ടിയും നിലവിളിച്ചും സഹായം തേടി. പുറത്തുണ്ടായിരുന്നവർക്ക് ആദ്യം സംഭവം ശ്രദ്ധയിൽപ്പെട്ടില്ല. വഴിയാത്രക്കാരെ കൈവീശി വിളിക്കുമ്പോഴാണ് പള്ളിയിലേക്ക് പോകുകയായിരുന്ന പഴശിയിലെ കുണ്ടൻകാട് വീട്ടിൽ റഫീഖിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

റഫീഖ് ഉടൻ കാർ തുറക്കാൻ ശ്രമിച്ചെങ്കിലും ലോക്ക് ചെയ്ത നിലയിൽ ആയതിനാൽ സാധിച്ചില്ല. തുടർന്ന് സമീപത്തെ മധുരിമ ബേക്കറിയിലെ രാജിഫിനെ വിളിച്ചുവരുത്തി വീണ്ടും ശ്രമം നടത്തി. ഇതിനിടെ കുട്ടിയുടെ ആരോഗ്യനില വഷളാകുമെന്ന ആശങ്കയിൽ ഇരുവരും ബഹളം വെച്ച് നാട്ടുകാരെ കൂട്ടി.അപ്പോ ഴേക്കും പള്ളിയിൽ നിന്നും മറ്റും ആളുകളും കാറിനടുത്തേക്ക് എത്തി. കാറിന്റെ ചില്ല് പൊളിക്കാനുള്ള ശ്രമത്തിനിടെയാണ് കാർ ഉടമയായ യുവതി തിരിച്ചെത്തിയത്. ഉടൻ കാർ ലോക്ക് തുറന്ന് കുട്ടിയെ പുറത്തെടുത്ത് രക്ഷപ്പെടുത്തി. സമയോചിത ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി.

_മുന്നറിയിപ്പ് കാറിനുള്ളിൽ കുട്ടികളെയോ മറ്റാരെയെങ്കിലും ഒറ്റയ്ക്കാക്കി ലോക്ക് ചെയ്യുന്നത് അതീവ അപകടകരമാണ്. ചൂടും വായു പ്രവാഹക്കുറവും കാരണം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഉടൻ സഹായം തേടണം.

Post a Comment

أحدث أقدم
Join Our Whats App Group