അര്‍ഹരായ ഒരാള്‍ പോലും പുറത്താകില്ല: എം.ജി. രാജമാണിക്യം
കണ്ണൂർ: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ കരട് പട്ടികയില്‍ ഉള്‍പ്പെട്ടില്ലെന്ന് കരുതി അർഹരായ ഒരാള്‍ പോലും വോട്ടർ പട്ടികയില്‍ നിന്ന് പുറത്താകില്ലെന്ന് റവന്യു സെക്രട്ടറിയും വോട്ടർ പട്ടിക നിരീക്ഷകനുമായ എം.ജി.രാജമാണിക്യം പറഞ്ഞു. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ എംഎല്‍എമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ എന്നിവരുമായി കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്‌ഐആർ) സംബന്ധിച്ച് നിരവധി ആശങ്കകള്‍ ജനങ്ങള്‍ക്കും രാഷ്ട്രീയ പാർട്ടികള്‍ക്കുമുണ്ട്. എന്നാല്‍, ഇവ അടിസ്ഥാന രഹിതമാണ്. ബൂത്ത് ലെവല്‍ ഓഫീസർമാർ നല്‍കിയ ഫോമുകള്‍ കൃത്യമായി പൂരിപ്പിച്ച് തിരികെ നല്‍കാത്തവർ, വിവരങ്ങള്‍ കൃത്യമായി നല്‍കാൻ കഴിയാത്തവർ എന്നിങ്ങനെയുള്ളവരാണ് കരട് പട്ടികയില്‍ ഉള്‍പ്പെടാതെ പോയത്.
ഹിയറിംഗിനു വിളിച്ച് മതിയായ രേഖകള്‍ ഹാജരാക്കുന്നവരെ പട്ടികയില്‍ ഉള്‍പ്പെടുത്തും. പ്രവാസികള്‍ ഫോം-6 ഉപയോഗിച്ച് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്താൻ അപേക്ഷ നല്‍കിയാല്‍ ബന്ധുക്കള്‍ക്ക് ഹിയറിംഗിനു ഹാജരാകാം. കൂടാതെ കിടപ്പുരോഗികളായവർക്ക് പകരം ബന്ധുക്കള്‍ ഹിയറിംഗിന് ഹാജരായാലും മതിയാകും അദ്ദേഹം പറഞ്ഞു.
സ്ഥലത്തില്ലാത്തവർ, സ്ഥലം മാറിപ്പോയവർ, മരണപ്പെട്ടവർ എന്നിവരുടെ എണ്ണം ജില്ലയുടെ ശരാശരി യേക്കാള്‍ കൂടിയ മണ്ഡലങ്ങളിലെ വോട്ടർ പട്ടികപുതുക്കല്‍ നടപടിക്രമങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഴീക്കോട് മണ്ഡലത്തില്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലാണെന്നും ഇതില്‍ വിശദമായ പരിശോധന വേണമെന്നും കെ.വി. സുമേഷ് എംഎല്‍എ നിർദേശിച്ചു. പോളിംഗ് സ്റ്റേഷനുകളുടെ ക്രമീകരണത്തില്‍ വോട്ടർമാരുടെ സൗകര്യം കൂടി പരിഗണിക്കണമെന്ന് കെ.പി. മോഹനൻ എംഎല്‍എ ആവശ്യപ്പെട്ടു.
ഒരു വീട്ടിലെ മുഴുവൻ വോട്ടർമാരുടെയും പേരുകള്‍ക്ക് അടുത്തടുത്ത ക്രമനമ്ബറുകള്‍ നല്‍കുക, പുതിയതായി വോട്ട് ചേർക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റ് കൂടുതല്‍ കാര്യക്ഷമമാക്കുക, നോ മാപ്പിംഗ് ലിസ്റ്റ് ബിഎല്‍എ മാർക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കുക, പ്രവാസി വോട്ടർമാർക്ക് പേര് ചേർക്കുന്നതില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക, ആറളം ഫാം ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ ഹിയറിംഗിനു ഹാജരാകേണ്ട ഇടങ്ങളില്‍ ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഇതിനുള്ള സംവിധാനം ഒരുക്കുക, ഫ്ലാറ്റുകള്‍, അതിഥി തൊഴിലാളി കളുടെ താമസ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കൂട്ടത്തോടെ വോട്ട് ചേർക്കാനുള്ള നീക്കങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങളും രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ ഉന്നയിച്ചു.
ജില്ലാ കളക്ടർ അരുണ്‍ കെ. വിജയൻ, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കളക്ടർ എഹ്തെദ മുഫസിർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.കെ. ബിനി, ഡെപ്യൂട്ടി കളക്ടർമാരായ കെ.എസ്. അനീഷ്, കെ.വി. ശ്രുതി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
إرسال تعليق