വിനായക ദാമോദർ സതീശൻ… ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ നട്ടെല്ലു വളച്ച ആളിന്റെ പേര്; ഒരു സ്ഥാനം കണ്ടുകൊണ്ടുള്ള വെപ്രാളം; സതീശൻ അഹങ്കാരിയെന്ന് ശിവൻകുട്ടി
തിരുവനന്തപുരം: ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ നട്ടെല്ലു വളച്ച ആളിന്റെ പേര് ശിവൻകുട്ടിയെന്നല്ല, വി.ഡി. സതീശൻ അഥവാ വിനായക ദാമോദർ സതീശൻ എന്നാണ്. തന്നെ വിമർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ തിരിച്ചടിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ആർഎസ്എസുമായി കൂട്ടിക്കെട്ടി ‘സംഘിക്കുട്ടി ’ എന്നാണ് സതീശൻ തന്നെക്കുറിച്ചു പറഞ്ഞത്. താൻ ആർഎസ്എസിനെതിരേ പോരാടുന്ന കാലത്ത് സതീശൻ വള്ളിനിക്കറുമിട്ട് സ്കൂളിൽ പഠിക്കുകയാണ്. അതുകൊണ്ട് അക്കാര്യമൊന്നും സതീശന് അറിയില്ലായിരിക്കാം.
പ്രായമോ സ്ഥാനമോ നോക്കാതെ ആരെയും അധിക്ഷേപിക്കുന്ന അഹങ്കാരിയാണ് സതീശൻ. അച്ഛന്റെ പ്രായമുള്ളവരെ കുറിച്ചു പോലും ധിക്കാരം നിറഞ്ഞ തരംതാണ പദപ്രയോഗമാണ് സതീശൻ നടത്തുന്നത്.
അടുത്തകാലത്ത് തിരുവനന്തപുരം നഗരത്തിൽ പ്രത്യക്ഷപ്പെട്ട ബോർഡുകളിൽ സതീശന്റെ ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത് ‘അങ്ങുചെന്ന് പറഞ്ഞേക്ക്, ഞാൻ പേടിച്ചു പോയി’ എന്നാണ്. തിരിച്ചു പടം വയ്ക്കാനും അതിനു താഴെ അടിക്കുറിപ്പെഴുതാനുമുള്ള ഒരുപാട് സംഭവവികാസങ്ങളുണ്ട്. എൽഡിഎഫിന്റെ മാന്യതകൊണ്ട് അതു ചെയ്തിട്ടില്ല.
ശബരിമല സ്വർണക്കൊള്ളയിൽ സോണിയ ഗാന്ധിയുടെ പേര് വലിച്ചിഴച്ചത് താനല്ല. അതുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ പൊതുമണ്ഡലത്തിലുണ്ട്. അതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് പറയണം.
ഒരു സ്ഥാനം കണ്ടുകൊണ്ട് സതീശൻ വെപ്രാളം കാട്ടുകയാണ്. അത് കിട്ടുമോ കിട്ടില്ലയോ എന്ന് അറിയാത്തതുകൊണ്ട് മാനസികനില തെറ്റി സതീശൻ എന്തൊക്കെയോ വിളിച്ചുപറയുകയാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ ജനങ്ങളുടെ സംശയങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപു മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post a Comment