അഭ്യൂഹങ്ങൾക്കിടെ അതിനിർണായക കൂടിക്കാഴ്ച, ചർച്ചയിൽ മല്ലികാർജുൻ ഖാർഗെയും
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായി അകന്നുനിൽക്കുന്ന ശശി തരൂർ എംപി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും പാർലമെന്‍റിൽ കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച രാവിലെ നടന്ന 30 മിനിറ്റ് നീണ്ട ഈ കൂടിക്കാഴ്ചയിൽ തരൂർ തന്‍റെ ആശങ്കകളും പരാതികളും നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. മഹാപഞ്ചായത്തിലേതടക്കം തന്‍റെ പരിഭവം ശശി തരൂർ രാഹുലുമായി പങ്കുവച്ചെന്നാണ് സൂചന.
കേരള നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ശശി തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാൻഡ്. കഴിഞ്ഞ ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പ്രധാനമന്ത്രി സ്വീകരിച്ച നടപടികളെ തരൂർ പ്രശംസിച്ചത് പാർട്ടിയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടർന്ന് സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി സംഘത്തെ നയിക്കാനുള്ള ബിജെപിയുടെ ക്ഷണം ശശി തരൂർ സ്വീകരിച്ചതും ബന്ധം കൂടുതൽ വഷളാക്കി.
ബന്ധം കൂടുതല്‍ വഷളാകുന്നു
നവംബറിൽ പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങിൽ അദ്ദേഹത്തിന്‍റെ സാമ്പത്തിക നയങ്ങളെ 'പുരോഗതിക്കായുള്ള ആഹ്വാനം' എന്ന് ശശി തരൂർ വിശേഷിപ്പിച്ചത് കോൺഗ്രസ് വക്താക്കൾ പരസ്യമായി തള്ളിയിരുന്നു. എന്നാൽ താൻ വസ്തുതകൾ വിവരിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു മറുപടി. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് ശശി തരൂർ എഴുതിയ ലേഖനം ഗാന്ധി കുടുംബത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന് പാർട്ടിയിൽ വ്യാഖ്യാനിക്കപ്പെട്ടു. ഇത് ബിജെപി ആയുധമാക്കുകയും ചെയ്തു.
2022 മുതൽ പാർട്ടി നേതൃത്വത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട ജി-23 നേതാക്കളുടെ കൂടെ ശശി തരൂർ ഉറച്ചുനിന്നിരുന്നു. പിന്നീട് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാർഗെയ്ക്കെതിരെ അദ്ദേഹം മത്സരിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യുന്ന പ്രധാന യോഗങ്ങളിൽ നിന്ന് ശശി തരൂർ വിട്ടുനിന്നത് അദ്ദേഹം പാർട്ടി വിടുകയാണെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു. എന്നാൽ കഴിഞ്ഞ 16 വർഷമായി താൻ കോൺഗ്രസ് പ്രത്യയശാസ്ത്രത്തിന് ഒപ്പമാണെന്നും ദേശീയ ഐക്യത്തിന്‍റെ ഭാഗമായാണ് ചില വിഷയങ്ങളിൽ സർക്കാരിനെ പിന്തുണയ്ക്കുന്നതെന്നും തരൂർ ആവർത്തിക്കുന്നു
إرسال تعليق