Join News @ Iritty Whats App Group

ഹാപ്പി ന്യൂഇയര്‍! 2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം; ഫോര്‍ട്ട് കൊച്ചിയിലും കോവളത്തുമടക്കം പാപ്പാഞ്ഞിയെ കത്തിച്ച് ആഘോഷം

ഹാപ്പി ന്യൂഇയര്‍! 2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം; ഫോര്‍ട്ട് കൊച്ചിയിലും കോവളത്തുമടക്കം പാപ്പാഞ്ഞിയെ കത്തിച്ച് ആഘോഷം


തിരുവനന്തപുരം: 2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം. കേരളത്തിൽ ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റു ജില്ലകളിലും വിവിധ ആഘോഷ പരിപാടികളോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് ലോകത്ത് പുതുവർഷമാദ്യമെത്തിയത്. ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് മൂന്നരയ്ക്കായിരുന്നു ഇവിടെ പുതുവർഷപ്പിറവി. ഇതിനുശേഷം ന്യൂസിലാൻഡും പിന്നാലെ ഓസ്ട്രേലിയയും വർണാഭമായി പുതുവർഷത്തെ വരവേറ്റു. ഇന്നലെ ഇന്ത്യൻ സമയം രാത്രി 9.30 ഓടെ ചൈനയിൽ പുതുവര്‍ഷമെത്തി. അർധരാത്രി 1.30 ഓടെയാണ് പുതുവർഷം യുഎഇ പിന്നിട്ടത്. ഇന്ന് ഇന്ത്യൻ സമയംപുലര്‍ച്ചെ 2.30ന് റഷ്യയിലും പുലർച്ചെ 5.30ന് യുകെയിലും 2026 എത്തി. ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷത്തിൽ രണ്ടു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. പോയവർഷത്തെ സങ്കടങ്ങളുടെ പ്രതീകമായ പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ് ഫോര്‍ട്ട് കൊച്ചി പുതുവര്‍ഷത്തെ സ്വീകരിച്ചത്. ഇക്കുറി വെളി മൈതാനത്തും പരേഡ് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിച്ചു. കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടികള്‍ നടന്നത്.

തിരുവനന്തപുരത്തും ആഘോഷത്തിന് കുറവുണ്ടായില്ല. കോവളം ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ ഡിജെ ഉൾപ്പടെ വിപുലമായ പരിപാടികളോടെയായിരുന്നു ആഘോഷം. ഇത്തവണ ആദ്യമായി 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെയും ഇവിടെ കത്തിച്ചു. ഏതാഘോഷത്തിനും മലബാറുകാർ തെരഞ്ഞെടുക്കുന്ന കോഴിക്കോട് ബീച്ചിൽ പതിനായിരങ്ങളാണ് ഇത്തവണ പുതുവർഷം ആഘോഷിച്ചത്. ഗ്രൂപ്പുകളായി തിരിഞ്ഞ് പാട്ടും ഡാൻസുമായി കോഴിക്കോട് ബീച്ചിലും ആഘോഷം കളറായിരുന്നു.വയനാട് മേപ്പാടിയിൽ ബോച്ചേ തൗസൻഡ് ഏക്കറിൽ കാർണിവലിന്‍റെ ഭാഗമായി പുതുവത്സരാഘോഷം നടന്നു. വേടനും ഗൗരിലക്ഷ്മിയും ഉൾപ്പെടെ പങ്കെടുത്ത സംഗീത നിശയോടെ ആണ് ആഘോഷം നടന്നത്. 12 മണിക്ക് പാപ്പാഞ്ഞിയെ കത്തിച്ചു. കേരള വ്യാപാരി വ്യവസായ ഏകോപനസമിതിയും വയനാട് ടൂറിസം അസോസിയേഷനും ബോച്ചേ തൗസൻഡ് ഏക്കർ ലേബർ വെൽഫെയർ കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഡിസംബർ 23 മുതലാണ് മേപ്പാടിയിലെ തൗസൻഡ് ഏക്കറിൽ കാർണിവൽ ആരംഭിച്ചത്.

രാജ്യ തലസ്ഥാനമായ ദില്ലിയിൽ കനത്ത സുരക്ഷയിലാണ് പുതുവത്സരാഘോഷം നടന്നത്. ബെംഗളൂരുവിൽ പുതുവത്സരം ആഘോഷിക്കാൻ ബ്രിഗേഡ് റോഡിലും എംജി റോഡിലും കോറമംഗലയിലും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പ്രതീക്ഷിച്ചതിലും ഏറെ പേർ എത്തിയെങ്കിലും ആളുകളെ നിയന്ത്രിച്ച് മാത്രം പൊലീസ് കടത്തിവിട്ടത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സഹായിച്ചു. രാത്രി 11 മണിക്കുശേഷമാണ് ബ്രിഗേഡ് റോഡ് പൂർണമായും ആഘോഷ വേദിയാക്കാനുള്ള അവസരം മലയാളികൾക്ക് ഉൾപ്പെടെ ലഭിച്ചത്. നിയന്ത്രണങ്ങൾ പുതുവർഷ വൈബ് ഒട്ടും ചോർത്തിയില്ല എന്നാണ് 2026നെ വരവേൽക്കാൻ എത്തിയവർ പറഞ്ഞത്. ലോക റെക്കോഡിട്ടുകൊണ്ടാണ് യുഎഇയിലെ പുതുവർഷ ആഘോഷം നടന്ത്. റാസ് അൽ ഖൈമയിൽ 2400 ഡ്രോണുകളും ആറു കിലോമീറ്റർ നീളത്തിലുള്ള വെടിക്കെട്ടും ആണ് വിസ്മയം തീർത്തത്. ബുർജ് ഖലീഫയും ദുബായ് ഫ്രയിമും ലോകത്തിന്‍റെ കയ്യടി വാങ്ങി.

Post a Comment

Previous Post Next Post
Join Our Whats App Group