Join News @ Iritty Whats App Group

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന സഭാ സമ്മേളനം ജനുവരി 20ന് തുടങ്ങും; ബജറ്റ് 29ന്

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന സഭാ സമ്മേളനം ജനുവരി 20ന് തുടങ്ങും; ബജറ്റ് 29ന്


തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി 20 മുതൽ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സർക്കാർ നടപടി ക്രമങ്ങളുടെ ഭാഗമായുള്ള രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന സഭാ സമ്മേളനമാണിത്. ജനുവരി 20ന് നയപ്രഖ്യാപന പ്രസംഗം. 29നാണ് ബജറ്റ്. പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനമാണിത്.

കൊച്ചി ക്യാൻസർ റിസർച്ച് സെൻററിൽ 159 തസ്തികള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികകളുമാണ് സൃഷ്ടിക്കുക. കേരള അഗ്രോ മിഷനറി കോർപ്പറേഷനിലെയും കേരള സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് ലിമിറ്റഡിലെയും പെൻഷൻ പ്രായം 60 വയസായി ഉയർത്തി. ഗ്രാമപ‌ഞ്ചായത്ത്, നഗരസഭ, സാംസ്കാരിക നിലയങ്ങള്‍, പഞ്ചായത്ത് ലൈബ്രറികള്‍, ശിശുമന്ദിരങ്ങള്‍ എന്നിവിടങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരെയും നിലവിൽ പത്തോ അതിലധികമോ വർഷമായി തുടർച്ചയായി പ്രവർത്തിച്ചു വരുന്നരെയുമാണ് സ്ഥിരപ്പെടുത്തുക.

മറ്റുതീരുമാനങ്ങൾ

ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്‍റിഫിക് ഓഫീസർ തസ്തികകൾ സൃഷ്ടിക്കും. ബയോളജി വിഭാഗത്തിൽ - 3 കെമിസ്ട്രി വിഭാഗത്തിൽ - 4, ഡോക്യുമെൻ്റ്സ് വിഭാഗത്തിൽ - 5 എന്നിങ്ങനെയാണ് തസ്തികകള്‍. തലശ്ശേരി കോടതി സമുച്ചയത്തിൻ്റെ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന പഴയ അഡീഷണൽ ജില്ലാ കോടതി സമുച്ചയ കെട്ടിടത്തിൻ്റെ താഴത്തെ നില കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ അധിക ബെഞ്ച് പ്രവർത്തനത്തിന് വിനിയോഗിക്കാന്‍ അനുമതി നൽകി. ഇതിനായി 22 തസ്തികകളിൽ 16 തസ്തികകൾ പുതിയതായി സൃഷ്ടിക്കാനും 6 തസ്തികകൾ പുനർ വിന്യസിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഉഡുപ്പി-കരിന്തളം 400 കെ.വി. അന്തർ സംസ്ഥാന ട്രാൻസ്മിഷൻ ലൈൻ പദ്ധതിയുടെ നിർമ്മാണത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് മന്ത്രിസഭായോഗം അംഗീകരിച്ചു. പാക്കേജ് നടപ്പിലാക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂർണമായും സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് പ്രസ്തുത പ്രോജക്ടിനായി രൂപീകരിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ ഉഡുപ്പി കാസർഗോഡ് ട്രാൻസ്മിഷൻ ലിമിറ്റഡ് വഹിക്കേണ്ടതാണ് എന്ന വ്യവസ്ഥയിലാണിത്. കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതമേഖലയിൽ താൽക്കാലിക അടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചു വന്നിരുന്ന 16 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ശമ്പളകുടിശ്ശിക അനുവദിക്കാനും യോഗത്തിൽ തീരുമാനമായി.

Post a Comment

Previous Post Next Post
Join Our Whats App Group