Join News @ Iritty Whats App Group

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'


ദില്ലി: ബലാത്സംഗം, ലൈംഗികാതിക്രമ കേസുകളിൽ രാജ്യത്തുടനീളമുള്ള കോടതികൾ പുറപ്പെടുവിക്കുന്ന വിവാദപരവും സ്ത്രീവിരുദ്ധവുമായ ഉത്തരവുകളിലും അഭിപ്രായപ്രകടനങ്ങളിലും ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. ഈ പ്രശ്നം പരിഹരിക്കുന്നതിനായി, കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം ഹൈക്കോടതികൾക്കായി വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചേക്കുമെന്നും കോടതി അറിയിച്ചു. ഇത്തരം കോടതി ഉത്തരവുകളും അഭിപ്രായങ്ങളും ലൈംഗികാതിക്രമങ്ങളെ അതിജീവിച്ചവരിൽ ഞെട്ടലുളവാക്കുന്ന ഫലങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇത് അതിജീവിതരെ സമ്മർദ്ദത്തിലാക്കി കേസ് പിൻവലിക്കാൻ വരെ പ്രേരിപ്പിച്ചേക്കാം.

ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും വിശദാംശങ്ങൾ ലഭ്യമായാൽ സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കാൻ സുപ്രീം കോടതിക്ക് സാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് കാന്ത് പറഞ്ഞു. ബലാത്സംഗം, ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കീഴ്ക്കോടതികളെയും ഹൈക്കോടതികളെയും ശരിയായ സമീപനം സ്വീകരിക്കാൻ ഈ മാർഗ്ഗനിർദ്ദേശങ്ങൾ സഹായിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വിവാദ ഉത്തരവുകൾ

അലഹബാദ് ഹൈക്കോടതിയുടെ വിവാദപരമായ ഒരു ഉത്തരവ് പരിഗണിക്കുന്നതിനിടയിലാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണങ്ങൾ വന്നത്. പ്രസ്തുത ഉത്തരവ് സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. "പ്രതി 'ചെറിയ കുട്ടിയുടെ നെഞ്ചിൽ പിടിച്ചത് ഒരു ലഘുവായ അതിക്രമമായാണ് കണക്കാക്കേണ്ടത്' എന്നും 'പൈജാമയുടെ നാട പൊട്ടിച്ചത് ബലാത്സംഗശ്രമമായി കണക്കാക്കാൻ പര്യാപ്തമല്ല' എന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.

സ്വമേധയാ വിഷയം ഏറ്റെടുത്ത സുപ്രീം കോടതി, രാജ്യത്തുടനീളമുള്ള ഹൈക്കോടതികൾ പുറപ്പെടുവിച്ച മറ്റ് സമാനമായ വിവാദ ഉത്തരവുകളുടെ രേഖകൾ ആവശ്യപ്പെട്ടു. അലഹബാദ് ഹൈക്കോടതി രാത്രി സമയം ഒരു ക്ഷണമാണ് എന്ന് പരാമർശിച്ചതായും, കൊൽക്കത്ത ഹൈക്കോടതിയിലും രാജസ്ഥാൻ ഹൈക്കോടതിയിലും സമാനമായ അഭിപ്രായപ്രകടനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഒരു സെഷൻസ് കോടതിയിൽ ഇൻ-കാമറ നടപടികൾക്കിടെ ഒരു പെൺകുട്ടി അടുത്തിടെ പീഡിപ്പിക്കപ്പെട്ടു എന്നും മറ്റൊരു അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു.

നിങ്ങൾ അത്തരം എല്ലാ ഉദാഹരണങ്ങളും ഞങ്ങൾക്ക് മുന്നിൽ കൊണ്ടുവരികയാണെങ്കിൽ, ഞങ്ങൾക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ കഴിയും എന്ന് ചീഫ് ജസ്റ്റിസ് കാന്ത് പറഞ്ഞു. അതിജീവിതരെ ഭയപ്പെടുത്തുകയോ പരാതി പിൻവലിക്കാൻ നിർബന്ധിക്കുകയോ ചെയ്യുന്ന അഭിപ്രായങ്ങളോ നടപടിക്രമങ്ങളോ ഉണ്ടാകരുതെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.

Post a Comment

أحدث أقدم
Join Our Whats App Group