കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി
കാസർകോട്:പട്ടാപ്പകൽ യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിന്തുടർന്ന് പിടികൂടി കേരള-കർണാടക പൊലീസ് സംഘം. ബുധനാഴ്ച ഉച്ചയ്ക്ക് കാസർഗോട്ടെ ഉഡുപ്പി ഹോട്ടലിന് സമീപമാണ് നടകീയ സംഭവം നടന്നത്. ആന്ധ്രാപ്രദേശ് രജിസ്ട്രേഷൻ കാറിലാണ് മേൽപ്പറമ്പ് സ്വദേശി ഹനീഫയെ ഒരു സംഘം തട്ടികൊണ്ടുപോയത്. നാലംഗ സംഘമാണ് ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞു. ഇതോടെ ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്‌ഡിയുടെ നിർദേശത്തിൽ കാസർകോട് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു. തലപ്പാടി വഴി ആന്ധ്രയിലേക്ക് കടക്കാൻ സാധ്യത ഉണ്ടെന്നു മനസ്സിലാക്കി കാസർകോട് ജില്ലാ പൊലീസ് മേധാവി കർണാടക പോലീസിന്റെ സഹായം തേടി. ഉടൻ കർണാടക പൊലീസും അന്വേഷണം ആരംഭിച്ചു. ഒരു ചെക്ക് പോസ്റ്റിൽ നിന്നും പോലീസ് വാഹനം കണ്ടെത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല.
തുടർന്ന് കർണാടക പൊലീസ് മൂന്നു കിലോ മീറ്റർ പിന്തുടർന്ന് കർണാടക ഹാസനിൽ സംഘത്തെ പിടികൂടുകയായിരുന്നു. ആന്ധ്രാ സ്വദേശികളായ നാല് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ആന്ധ്രാ രജിസ്ട്രേഷനിൽ ഉള്ള വാഹനമടക്കം കസ്റ്റഡിയിൽ എടുത്തു. മേൽപ്പറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടിലെ തർക്കത്തെ തുടർന്നെന്നാണ് പൊലീസ് നൽകുന്ന സൂചന. കൂടുതൽ കാര്യങ്ങൾ യുവാവിനെയും പ്രതികളെയും നാട്ടിൽ എത്തിച്ചതിനു ശേഷം വ്യക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ രാത്രി തന്നെ കാസർകോട്ട് എത്തിക്കുമെന്ന് പൊലീസ് പറഞ്ഞു. കാസർകോട് ടൗൺ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡുമാണ് കാസർകോടേക്ക് പ്രതികളെ കൊണ്ടുവരുന്നത്.
Post a Comment