Join News @ Iritty Whats App Group

ഇരിട്ടി മുനിസിപ്പൽ റിട്ടേണിംഗ് ഓഫീസർ നടത്തിയ നടപടി ഭരണഘടന വിരുദ്ധവും പൗരന്മാരുടെ മതവിശ്വാസ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടുത്ത കടന്നുകയറ്റവുമാണെന്ന് യുഡിഎഫ്

ഇരിട്ടി മുനിസിപ്പൽ റിട്ടേണിംഗ് ഓഫീസർ നടത്തിയ നടപടി ഭരണഘടന വിരുദ്ധവും പൗരന്മാരുടെ മതവിശ്വാസ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടുത്ത കടന്നുകയറ്റവുമാണെന്ന് യുഡിഎഫ്


ഇരിട്ടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ഭാഗമായി  ഇരിട്ടി നഗരസഭയിലെയും ജനപ്രതിനിധികളായ കൗൺസിലർമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിൽ ഭരണഘടനാപരമായ ലംഘനമാണ് ഇരിട്ടി മുനിസിപ്പാലിറ്റി  റിട്ടേണിംഗ് ഓഫീസർ റെക്സ് തോമാസ്  നടത്തിയതെന്ന് യുഡിഎഫ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി കുറ്റപ്പെടുത്തി.

ഭരണഘടന ഉറപ്പുനൽകുന്ന അവകാശപ്രകാരം ജനപ്രതിനിധികൾക്ക് ദൈവനാമത്തിൽ, ഈശ്വരനാമത്തിൽ, അല്ലാഹുവിന്റെ നാമത്തിൽ, അതുപോലെ തന്നെ മറ്റു മതവിശ്വാസികൾക്ക് അവരുടെ വിശ്വാസപ്രകാരം സത്യപ്രതിജ്ഞ ചെയ്യാനുള്ള പൂർണ്ണ അവകാശം നിലവിലിരിക്കെ, അതിന് അവസരം നിഷേധിച്ചുകൊണ്ടുള്ള ഇരിട്ടി നഗരസഭ റിട്ടേണിംഗ് ഓഫീസറുടെ ധിക്കാരപരവും ജനാധിപത്യവിരുദ്ധവുമായ സമീപനം അതീവ ഗൗരവതരമാണെന്ന് യുഡിഎഫ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ചൂണ്ടിക്കാട്ടി.

സത്യപ്രതിജ്ഞാ നടപടിക്കിടെ, ഇത്തരമൊരു നിയന്ത്രണം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുള്ള നിർദ്ദേശമാണെന്ന തരത്തിൽ തെറ്റായ വിവരം നൽകി ജനപ്രതിനിധികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ്  സത്യപ്രതിജ്ഞ നടത്തിയത്. ഇതിലൂടെ മതവിശ്വാസികളായ ജനപ്രതിനിധികൾക്ക് ഭരണഘടന അനുവദിച്ചിരിക്കുന്ന അവകാശങ്ങൾ ലംഘിക്കപ്പെടുകയും, അവരുടെ മനസ്സാക്ഷിക്കും വിശ്വാസത്തിനും വിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്യേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തു.
ഈ ഗുരുതരമായ സംഭവത്തിൽ, മതസ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും ലംഘിച്ച റിട്ടേണിംഗ് ഓഫീസറുടെ നടപടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ജില്ലാ കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷണർക്കും ഔദ്യോഗികമായി പരാതി നൽകി.
 
ഭരണഘടനാ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയും, ജനപ്രതിനിധികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത റിട്ടേണിംഗ് ഓഫീസർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന്  യുഡിഎഫ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
യുഡിഎഫ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മാമുഞ്ഞി, കൺവീനർമാരായ കെ.വി. രാമചന്ദ്രൻ, സി.കെ. ശശിധരൻ, സി.കെ. അഷ്റഫ് എന്നിവർ പത്രക്കുറിപ്പിലൂടെ ആവശ്യം ഉന്നയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group