ആദ്യം മൂർഖൻ പാമ്പ്, വിജയിക്കാതെ വന്നപ്പോൾ മറ്റൊരു വിഷപാമ്പിനെയെത്തിച്ചു, അച്ഛനെ മക്കൾ കൊലപ്പെടുത്തിയതിങ്ങനെ, 6 പേർ അറസ്റ്റിൽ
തമിഴ്നാട്: ഇൻഷ്വറൻസ് തുകയ്ക്കായി അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന മക്കൾ അറസ്റ്റിൽ. തമിഴ്നാട് തിരുവള്ളൂർ ജില്ലയിലാണ് 3 കോടി രൂപയ്ക്കായി മക്കളുടെ കൊടുംക്രൂരത. മരിച്ച ഗണേശന്റെ 2 ആൺമക്കൾ അടക്കം 6 പേർ അറസ്റ്റിലായി.സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ലാബ് അസിസ്റ്റന്റായിരുന്ന ഇ.പി.ഗണേശനെ വീട്ടിൽ വച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചത് ഒക്ടോബർ 22നാണ്. മക്കളായ മോഹൻരാജും ഹരിഹരനും ഒപ്പമുണ്ടായിരുന്നെങ്കിലും ആശുപത്രിയിലെത്തിക്കാൻ വൈകിപ്പോയെന്ന് ഡോക്ടർമാർ അറിയിച്ചു. കടിച്ച വിഷപ്പാമ്പിനെ കുറിച്ച് ചോദിച്ചപ്പോൾ തല്ലിക്കൊന്നു എന്നായിരുന്നു മക്കളുടെ മറുപടി.
സംസ്കാരച്ചടങ്ങുകൾക്ക് പിന്നാലെ അതിവേഗം ഇൻഷ്വറൻസ് തുകയ്ക്കായുള്ള നടപടികൾ മക്കൾ തുടങ്ങി. മക്കളുടെ അസാധാരണ തിടുക്കവും ഇടത്തരം വരുമാനക്കാരായിട്ടും മൂന്ന് കോടിയോളം രൂപയ്ക്കുള്ള ഇൻഷ്വറൻസ് ഗണേശന്റെ പേരിലുണ്ടായിരുന്നതും സംശയത്തിനിടയാക്കി. ഇൻഷ്വറൻസ് കമ്പനി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഇൻഷ്വറൻസ് തുകയ്ക്കായി അച്ഛനെ കൊലപ്പെടുത്താൻ തീരുമാനിച്ച മക്കൾ വാടക ഗുണ്ടകളായ 4 പേരുടെ സഹായം തേടി. ഒക്ടോബർ മൂന്നാം വാരം ഉറങ്ങിക്കിടക്കുകയായിരുന്ന ഗണേശന്റെ കാലിൽ മൂർഖനെ കൊണ്ട് കടിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരാഴ്ചയ്ക്ക് ശേഷം മറ്റൊരു വിഷപ്പാമ്പിനെ എത്തിച്ച് ഗണേഷന്റെ കഴുത്തിൽ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷമാണ് ആശുപത്രിയിലേക്ക് പോകാൻ മക്കൾ തയ്യാറായത് എന്നും പൊലീസ് പറയുന്നു. കൂട്ടുപ്രതികൾക്ക് പണം കൈമാറിയതിന്റെ ബാങ്ക് രേഖകൾ അടക്കം കാണിച്ചുള്ള ചോദ്യംചെയ്യലിൽ മോഹൻരാജും ഹരിഹരനും കുറ്റം സമ്മതിച്ചു. 6 പ്രതികളെയും റിമാൻഡ് ചെയ്തിട്ടുണ്ട്.
Post a Comment