ഇ വി എം മാത്രമല്ല തീപ്പെട്ടിയും മെഴുകുതിരിയും അരക്കും ബൂത്തിലേക്ക്
സുഗമമായ തദ്ദേശതിരഞ്ഞെടുപ്പിന് ഓരോ ബൂത്തിലേക്കും എത്തുക ഇ വി എമ്മുകള്‍ മാത്രല്ല. തീപ്പെട്ടിയും മെഴുകുതിരിയും അരക്കും ചരടും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍.
ഇവ ഓരോന്നും കൃത്യമായി എണ്ണി തുണിസഞ്ചിയിലാക്കി അതാത് ബൂത്തുകളിലെ തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് നല്‍കും.പെൻസില്‍, മൊട്ടുസൂചി, പശ, വെള്ള ചരട്, ബ്ലേഡ്, വോട്ടർ പട്ടികയില്‍ അടയാളം ചെയ്യാൻ ചുവന്ന മഷിയുള്ള പേന എന്നിങ്ങനെ 25 ഇനം സ്റ്റേഷനറി ഇനങ്ങള്‍ ഓരോ ബൂത്തിലേക്കും നല്‍കുന്നുണ്ട്.
സീല്‍ ചെയ്യാനുള്ള അരക്കാണ് ബൂത്തുകളിലേക്കുള്ള മറ്റൊരു പ്രധാന ഇനം. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ, മോക് പോള്‍ നടത്തിയതിനുശേഷം വോട്ടിംഗ്യന്ത്രങ്ങള്‍ സീല്‍ ചെയ്യാൻ ഉപയോഗിക്കുന്ന ഗ്രീൻ പേപ്പർ സീല്‍, സ്ട്രിപ്പ് സീല്‍, സ്‌പെഷ്യല്‍ ടാഗ്,കണ്‍ട്രോള്‍ യൂണിറ്റിന്റെ അഡ്രസ് ടാഗ്, വോട്ടർ പട്ടികയുടെ മാർക്ക്ഡ് കോപ്പി ഉള്‍പ്പെടെ എട്ട് ഇനങ്ങളാണ് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ടുള്ളത്. കൂടാതെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിലെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഡിറ്റാച്ചബിള്‍ മെമ്മറി മൊഡ്യുളും വോട്ടർമാരുടെ വിരലില്‍ അടയാളപ്പെടുത്താനുള്ള മഷിയും ബൂത്തുകളിലേക്കുനല്‍കും.
പ്രിസൈഡിംഗ് ഓഫീസർക്ക് മെറ്റല്‍, റബ്ബർ ഉള്‍പ്പെടെ നാലിനം സീലുകള്‍, ടെൻഡർ വോട്ടുകള്‍ രേഖപ്പെടുത്താനുള്ള ലിസ്റ്റ്, ചലഞ്ച്ഡ് വോട്ടുകള്‍ രേഖപ്പെടുത്താനുള്ള ലിസ്റ്റ് തുടങ്ങി വിവിധ ഫോമുകള്‍ ഉള്‍കൊള്ളിച്ച 10 ഇനം പേപ്പർ കവറുകള്‍. കൂടാതെ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് തുടങ്ങുന്നതിനു മുൻപ് പ്രിസൈഡിങ് ഓഫീസർ സത്യപ്രസ്താവന രേഖപ്പെടുത്തുന്ന ഫോം 10 എ ഉള്‍പ്പെടെ 14 ഫോമുകളും ഓരോ ബൂത്തുകളിലേക്ക് നല്‍കും. ജില്ലയിലെ 20 വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ നിന്ന് ഇവ നാളെ വിതരണം ചെയ്യും.
إرسال تعليق