സഞ്ചാർ സാഥി ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തും; സമ്മതിച്ച് കേന്ദ്രസർക്കാർ, സൈബര്‍ തട്ടിപ്പ് തടയാനെന്ന് വിശദീകരണം
ദില്ലി:സഞ്ചാർ സാഥി ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. സഞ്ചാർ സാഥി ആപ്പ് വഴി ലഭിക്കുന്ന വിവരങ്ങൾ സാമ്പത്തിക തട്ടിപ്പ് തടയാൻ ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര വാർത്താ വിതരണ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി വ്യക്തമാക്കി. രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ റിപ്പോർട്ട് ചെയ്യാൻ നടപടികൾ എളുപ്പത്തിലാക്കുകയാണ് സഞ്ചാര്‍ സാഥി ആപ്പിന്‍റെ പ്രധാന ലക്ഷ്യമെന്ന് ചന്ദ്രശേഖർ പെമ്മസാനി വിശദീകരിക്കുന്നു. അതേസമയം, രാജ്യത്തെ എല്ലാ പുതിയ മൊബൈല്‍ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് മൊബൈൽ കമ്പനികളുമായി ചർച്ച നടത്തിയില്ലെന്ന ആരോപണം മന്ത്രി തള്ളി. ചർച്ചയിൽ ആപ്പിൾ കമ്പനി പങ്കെടുത്തില്ലെന്നും കേന്ദ്ര വാർത്താ വിതരണ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി പറഞ്ഞു.
എന്താണ് സഞ്ചാർ സാഥി ആപ്പ്?
രാജ്യത്തെ എല്ലാ പുതിയ മൊബൈല്‍ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് വിവാദമായിരിക്കുകയാണ്. പുതുതായി നിർമ്മിക്കുന്ന ഫോണുകളിലും, നിലവില്‍ കടകളിൽ വില്‍പനയ്ക്കുള്ള ഫോണുകളിലും കേന്ദ്രസർക്കാറിന്‍റെ സഞ്ചാർ സാഥി ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദേശം കഴിഞ്ഞ ദിവസമാണ് ടെലികോം മന്ത്രാലയം പുറപ്പെടുവിച്ചത്. 90 ദിവസത്തിനകം ഈ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് മൊബൈല്‍ നിർമ്മാണ കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സഞ്ചാർ സാഥി ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള നിര്‍ദേശം പൗരന്‍മാരെ നിരീക്ഷിക്കാനാണെന്നും സ്വകാര്യതയ്‌ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
പ്രതിരോധത്തിലായി കേന്ദ്ര സര്‍ക്കാർ
സഞ്ചാര്‍ സാഥി ആപ്പ് വഴി വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിലാണ് വിദഗ്‌ധരടക്കം ആശങ്ക ഉയർത്തിയത്. ഫോൺ മോഷണം തടയുക, സിം കാർഡ് വെരിഫിക്കേഷൻ ഉറപ്പാക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളുമായാണ് ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സഞ്ചാർ സാഥി ആപ്പ് അവതരിപ്പിച്ചത്. എന്നാല്‍ സഞ്ചാര്‍ സാഥി ആപ്പ് എല്ലാ പുതിയ മൊബൈല്‍ ഫോണുകളിലും പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പൗരന്‍മാരുടെ സ്വകാര്യത കേന്ദ്ര സര്‍ക്കാര്‍ ഒളിഞ്ഞിരുന്ന് നിരീക്ഷിക്കുന്നതിന് തുല്യമാണ് എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ എസ്എംഎസ്, കോള്‍ ലോഗ്, സ്റ്റോറേജ്, ലൊക്കേഷന്‍ തുടങ്ങിയവയിലേക്ക് പെര്‍മിഷന്‍ ഉപയോക്താക്കള്‍ നല്‍കേണ്ടിവരുന്നത് സ്വകാര്യതയെ ബാധിക്കുമെന്ന് സൈബര്‍ വിദഗ്‌ധരും പറയുന്നു. എന്നാല്‍, സഞ്ചാർ സാഥി ആപ്പ് ഫോണില്‍ സൂക്ഷിക്കണമെന്ന് ഒരു നിബന്ധനയുമില്ല, സഞ്ചാര്‍ സാഥി ഉപയോഗിക്കാന്‍ താത്പര്യമില്ലാത്ത ഉപയോക്താക്കള്‍ക്ക് അത് ഫോണില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാമെന്നാണ് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെ വിശദീകരിച്ചത്.
إرسال تعليق