Join News @ Iritty Whats App Group

ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസ്; പൊലീസിന് കനത്ത തിരിച്ചടി, നടൻ ലഹരി ഉപയോഗിച്ചുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല

ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസ്; പൊലീസിന് കനത്ത തിരിച്ചടി, നടൻ ലഹരി ഉപയോഗിച്ചുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല


കേരളത്തിൽ ആകെ കോളിളക്കം സൃഷ്‌ടിച്ച നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസിൽ പൊലീസിന് കനത്ത തിരിച്ചടി. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് നടന് അനുകൂലമാണ്. കേസ് നിലനിൽക്കുമോ എന്നതിൽ പൊലീസ് നിയമോപദേശം തേടും. ഇന്നലെയാണ് ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നത്.

ഹോട്ടൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് പൊലീസ് കേസ്. കഴിഞ്ഞ ഏപ്രിലിൽ പൊലീസിന്‍റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്തിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു എന്നായിരുന്നു പൊലീസ് പറഞ്ഞത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്.

പൊലീസ് സംഘം ഹോട്ടലിന്റെ താഴെ എത്തിയ വിവരം അറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനൽ വഴി ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നായിരുന്നു പൊലീസ് വിശദീകരണം. പിന്നാലെ പിടിയിലായ ഷൈൻ ടോം ചാക്കോയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അതിനിടെ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈൻ ടോം ചാക്കോയ്ക്ക് ബന്ധമില്ലെന്ന് മുമ്പ് എക്സൈസ് വ്യക്തമാക്കിയിരുന്നു.

ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട തസ്‍ലിമയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ഷൈനെ വിളിച്ചുവരുത്തിയിരുന്നു. താൻ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്തഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നുമാണ് ഷൈൻ അന്ന് മൊഴി നൽകിയത്. ലഹരി വിമുക്തിക്കായി ഷൂട്ടിങ് വരെ മാറ്റിവെച്ച് ഡി അഡിക്ഷൻ സെന്‍ററിലാണെന്നും തസ്ലീമയുമായി ലഹരി ഇടപാടുകളില്ലെന്നും ഷൈൻ മൊഴി നൽകി. നേരത്തെയും തസ്ലീമിയുമായി ബന്ധമില്ലെന്ന് പൊലീസിന് ഷൈൻ മൊഴി നൽകിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group