Join News @ Iritty Whats App Group

'ഇരട്ടത്താപ്പ്', എസ്‍ഡിപിഐ പിന്തുണ തള്ളിയതിൽ കോൺഗ്രസിനും സിപിഎമ്മിനും വിമർശനവുമായി സംസ്ഥാന അധ്യക്ഷൻ; 'ബിജെപിയെ നേരിടുന്നതിൽ ആത്മാർത്ഥതയില്ല'

'ഇരട്ടത്താപ്പ്', എസ്‍ഡിപിഐ പിന്തുണ തള്ളിയതിൽ കോൺഗ്രസിനും സിപിഎമ്മിനും വിമർശനവുമായി സംസ്ഥാന അധ്യക്ഷൻ; 'ബിജെപിയെ നേരിടുന്നതിൽ ആത്മാർത്ഥതയില്ല'


കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പഞ്ചായത്തുകളിലടക്കം എസ് ഡി പി ഐ പിന്തുണ മുന്നണികൾ തള്ളിക്കളഞ്ഞതിൽ രൂക്ഷ വിമർശനവുമായി എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്‍റ് സി പി എ ലത്തീഫ് രംഗത്ത്. ചൊവ്വന്നൂർ പഞ്ചായത്തിലെ കോൺഗ്രസ് നിലപാടടക്കം ചൂണ്ടിക്കാട്ടിയാണ് വിമർശനം. എസ് ഡി പി ഐ പിന്തുണയോടെ ഇവിടെ യു ഡി എഫ് അധികാരത്തിലെത്തിയെങ്കിലും കോൺഗ്രസ് സംസ്ഥാന നേതൃത്വം ഭരണം വേണ്ടെന്ന് തീരുമാനിച്ചതിലടക്കമാണ് വിമർശനം. പഞ്ചായത്ത് ഭരണസമിതി രാജി വച്ചത് കെ പി സി സി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി. ഫാസിസ്റ്റ് വിരുദ്ധ ചേരി ശക്തിപ്പെടുത്തുന്നതിൽ കോൺഗ്രസിന് ആത്മാർത്ഥതയില്ലെന്ന് ലത്തീഫ് വിമർശിച്ചു. അതുകൊണ്ടാണ് എസ് ഡി പി ഐയുടെ പിന്തുണ സ്വീകരിക്കാത്തത്. ഇടത് മുന്നണിക്കും ഇക്കാര്യത്തിൽ ആത്മാർത്ഥതയില്ലെന്നും എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.

ബി ജെ പി അധികാരത്തിൽ വരരുത്

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന അധ്യക്ഷ - ഉപാധ്യക്ഷ വോട്ടെടുപ്പിന് പിന്നാലെ എസ് ഡി പി ഐ നിലപാടിൽ ചില ചർച്ചകൾ വന്നു. ബി ജെ പിയെ പരാജയപ്പെടുത്താൻ, ഭരണ സ്ഥിരത ഉള്ള മുന്നണികൾ ഉണ്ടാകണമെന്ന് ചർച്ചകളുണ്ടായി. തദ്ദേശാടിസ്ഥാനത്തിൽ അത്തരം മുന്നണികളെ പിന്തുണക്കാൻ എസ് ഡി പി ഐ തീരുമാനിച്ചതെന്നും സംസ്ഥാന അധ്യക്ഷൻ വിവരിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ബി ജെ പി അധികാരത്തിൽ വരരുത് എന്നതിനാലാണ് ഇത്തരത്തിൽ നിലപാടാണ് സ്വീകരിച്ചത്. എസ് ഡി പി ഐ പിന്തുണ വേണ്ടെന്ന കോൺഗ്രസ് നിലപാടിൽ വൈരുദ്ധ്യം ഉണ്ട്. പലയിടത്തും അവർ ബി ജെ പിയുമായി സഹകരിച്ചതായി കാണാം. യു ഡി എഫ് നിലപാടിൽ ആത്മാർത്ഥ ഇല്ല. പലയിടത്തും അവർ ബിജെപി യുമായി സഹകരിക്കുന്നു. കുമരകം പഞ്ചായത്തിൽ ബി ജെ പി പിന്തുണയോടെ ആണ് കോൺഗ്രസ് ഭരണമെന്നും എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്‍റ് വിമർശിച്ചു.

യു ഡി എഫിന്‍റേത് രാഷ്ട്രീയ കോമാളിത്തരമാണ്. ബി ജെ പിയെ മാറ്റിനിർത്താൻ നിരുപാധിക പിന്തുണ പലയിടത്തും നൽകി. എന്നാൽ അവർ ബി ജെ പിയെ സഹായിക്കാൻ പിന്തുണ സ്വീകരിച്ചില്ലെന്നും സി പി എ ലത്തീഫ് കൂട്ടിച്ചേർത്തു. ബി ജെ പിയെ അകറ്റി നിർത്താൻ രണ്ട് മുന്നണികളും രാഷ്ട്രീയ സത്യസന്ധത പുലർത്തിയില്ല. ബി ജെ പി അധികാരത്തിൽ വരാതിരിക്കാനുള്ള സമീപനമാണ് എസ് ഡി പി ഐ സ്വീകരിച്ചത്. ഭരണത്തിൽ അസ്ഥിരത ഇല്ലാതിരിക്കുമ്പോൾ യു ഡി എഫിനോ എൽ ഡി എഫിനോ വോട്ട് ചെയ്യുക എന്നതായിരുന്നു സ് ഡി പി ഐ തീരുമാനം. പാങ്ങോട് പഞ്ചായത്തിൽ പ്രാദേശിക ധാരണയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസിനെ പിന്തുണച്ചത്.

കൊട്ടാങ്ങലിൽ കോൺഗ്രസിനെ പിന്തുണച്ചത് ബി ജെ പിയെ ഒഴിവാക്കാനായിരുന്നു. എസ് ഡി പി ഐ പിന്തുണച്ചിട്ടും ഭരണസമിതികൾ രാജി വെച്ച ഇടങ്ങളിൽ തിരഞ്ഞെടുപ്പ് വന്നാൽ എസ് ഡി പി ഐ മത്സരിക്കുകയോ മാറി നിൽക്കുയോ ചെയ്യുമെന്നും സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐ മത്സരിക്കുമെന്നും ഇരുമുന്നണികളോടുമുള്ള നിലപാട് പാർട്ടി പിന്നീട് തീരുമാനിക്കുമെന്നും സി പി എ ലത്തീഫ് വിവരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group