ഇന്ത്യക്കാര്‍ കാത്തിരുന്ന അപ്‌ഡേറ്റ് എത്തി; ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ ഇനി ആപ്പ് വഴി മാറ്റം
ദില്ലി:ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ ഇനി നിങ്ങള്‍ക്ക് വീട്ടിലിരുന്ന് അപ്‌ഡേറ്റ് ചെയ്യാം. ഒടിപിയും ഫേസ് ഓതന്‍റിക്കേഷനും വഴി വീട്ടിലിരുന്നുകൊണ്ട് ആധാര്‍ മൊബൈല്‍ നമ്പര്‍ പുതുക്കാനുള്ള ഫീച്ചര്‍ പുത്തന്‍ ആധാര്‍ ആപ്പില്‍ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അവതരിപ്പിച്ചു. ഈ സവിശേഷത ആധാര്‍ ആപ്പില്‍ വന്നതോടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആധാര്‍ സെന്‍റര്‍ സന്ദര്‍ശിക്കുകയോ ക്യൂവില്‍ നില്‍ക്കുകയോ വേണ്ടിവരില്ല. നാളിതുവരെ ആധാര്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ എന്‍റോള്‍മെന്‍റ് സെന്‍റര്‍ സന്ദര്‍ശിക്കണമായിരുന്നു. എന്നാല്‍ അതിന് പകരം ഇനി മൊബൈല്‍ ഫോണ്‍ വഴി നിമിഷ നേരം കൊണ്ട് ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം.
പുതിയ ആധാര്‍ ആപ്പ് വഴി എങ്ങനെയാണ് മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് എന്ന് പരിശോധിക്കാം
പുതിയ ആധാര്‍ ആപ്പ് തുറന്നാല്‍ Mobile Number Update എന്നൊരു ഓപ്ഷന്‍ കാണാനാകും. പേര്, വിലാസം, ഇമെയില്‍ അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ ആധാര്‍ ആപ്പ് വഴി അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഉടന്‍ വരും. എന്നാല്‍ ജനനതീയതി അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ആപ്പിള്‍ ഇപ്പോള്‍ ലഭ്യമല്ല. ആധാര്‍ കാര്‍ഡിലെ ഫിംഗര്‍ പ്രിന്‍റ്, ഐറിസ് സ്‌കാന്‍ എന്നീ ബയോ മെട്രിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാവില്ല. ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാന്‍ ആധാര്‍ എന്‍റോള്‍മെന്‍റ് സന്ദര്‍ശിച്ചേ മതിയാകൂ. നിലവിലെ അപ്‌ഡേറ്റ് അനുസരിച്ച്, ആധാര്‍ ആപ്പ് വഴി മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ.
ഒടിപി അടിസ്ഥാനത്തിലുള്ള സേവനമായതിനാല്‍ ആധാര്‍ കാര്‍ഡുമായി ഒരു മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെങ്കില്‍ ആക്റ്റീവ് സിം കാര്‍ഡ് ആവശ്യമാണ്. ബാങ്ക് അക്കൗണ്ട് തുടങ്ങാനും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഒടിപി-അധിഷ്‌ഠിത സേവനം ആവശ്യമായി വരും.
إرسال تعليق