മുട്ടുമ്പോള്‍ കക്കുസ് തുറന്ന് കൊടുക്കുന്നതും ചാനലിന് മുന്നില്‍ ചായ കൊടുക്കുന്നതുമല്ല മത സൗഹര്‍ദ്ധം.വിവാദ പരാമര്‍ശം നടത്തിയ ശശികലയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം
തിരുവനന്തപുരം ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ വിവിധ ആരാധനാലയങ്ങള്‍ ഭക്തർക്കായി വാതിലുകള്‍ തുറന്നുനല്‍കിയതും സൗകര്യങ്ങള്‍ ഒരുക്കിയതും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പാളയം ജുമാമസ്ജിദും, മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്തും, പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലും ഭക്തർക്ക് വിശ്രമിക്കാനും കുടിവെള്ളത്തിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് കേരളത്തിന്റെ യഥാർത്ഥ മതസൗഹാർദ്ദത്തെ വെളിപ്പെടുത്തുന്ന കാഴ്ചയായാണ് പൊതുസമൂഹവും മാധ്യമങ്ങളും വിശേഷിപ്പിച്ചത്. എന്നാല്‍, ഈ നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് കെ.പി. ശശികല രംഗത്തെത്തിയത് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ഇത്തരത്തില്‍ ആരാധനാലയങ്ങള്‍ ഭക്തർക്ക് സൗകര്യമൊരുക്കിയത് സമൂഹമാധ്യമങ്ങളില്‍ വൈറലാകാനും ചാനലുകളില്‍ പബ്ലിസിറ്റി ലഭിക്കാനും വേണ്ടിയാണെന്നാണ് കെ.പി. ശശികല ഫേസ്ബുക്കിലൂടെ ആരോപിക്കുന്നത്. മുട്ടുമ്പോള്‍ കക്കൂസ് കൊടുത്തതും ചാനലിന് മുന്നില്‍ ചായ കൊടുത്തതുമല്ല മതേതരത്വമെന്നും, നോമ്പുതുറയും നബിദിനത്തിലെ മാലയിടലുമെല്ലാം ഇത്തരത്തില്‍ വൈറല്‍ പനി ബാധിച്ചവർ ചെയ്യുന്ന നാടകങ്ങളാണെന്നും അവർ പരിഹസിക്കുന്നു. യഥാർത്ഥ മതസൗഹാർദ്ദം ഇതല്ലെന്നും താൻ ജീവിച്ച പരിസരങ്ങളില്‍ മതം നോക്കാതെ പരസ്പരം സ്നേഹവും സഹകരണവും പങ്കുവെച്ചിട്ടുണ്ടെന്നും അവർ തന്റെ കുറിപ്പില്‍ അവകാശപ്പെടുന്നു.
മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശത്ത് വളർന്ന താൻ അവിടെയുള്ളവരുമായി നല്ല സൗഹൃദത്തിലാണ് കഴിഞ്ഞതെന്ന് ശശികല പറയുന്നു. മതം ഒരു ഘടകമാകാതെ അയല്‍വാസികളുമായി സ്നേഹം പങ്കിട്ടും പരസ്പരം ഭക്ഷണം കൈമാറിയും കഴിഞ്ഞിരുന്ന പഴയ കാലഘട്ടത്തെ അവർ ഓർമ്മിപ്പിക്കുന്നു. യാത്രാവേളകളില്‍ കടകളില്‍ വെച്ച് കാണുന്ന മുസ്ലിം സഹോദരങ്ങള്‍ തന്നോട് മാന്യമായാണ് പെരുമാറാറുള്ളതെന്നും, അതെല്ലാം തികച്ചും സ്വാഭാവികമായ കാര്യങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു. അത്തരം പ്രവർത്തനങ്ങള്‍ ചാനലുകള്‍ക്ക് വേണ്ടിയുള്ള അഭിനയമല്ലെന്നും അവർ വ്യക്തമാക്കുന്നു.
അതേസമയം, ഇപ്പോള്‍ നടക്കുന്ന മതേതര നാടകങ്ങള്‍ക്കെതിരെ വലിയൊരു ചോദ്യശരവും അവർ ഉയർത്തുന്നുണ്ട്. വന്ദേ മാതരം ചൊല്ലുമോ, തിരുപ്രംകുണ്ട്രത്ത് കാർത്തിക ദീപം കൊളുത്തുമോ, മുനമ്പം വഖഫ് ഭൂമിയാണോ, അയോധ്യ രാമക്ഷേത്രം അംഗീകരിക്കുമോ തുടങ്ങി പത്തോളം ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഈ വേഷം കെട്ടുകാരുടെ മുഖംമൂടി അഴിഞ്ഞു വീഴുമെന്ന് ശശികല പരിഹസിക്കുന്നു. മതത്തിന്റെ പേരില്‍ അന്യമതത്തെ നിന്ദിക്കുന്ന പ്രചാരണങ്ങള്‍ അരുതെന്നും, എല്ലാവർക്കും ബാധകമായ നിയമം കൊണ്ടുവരാൻ തയ്യാറുണ്ടോ എന്നും അവർ വെല്ലുവിളിക്കുന്നു. ഈ വൈറല്‍ പനിക്ക് മരുന്നില്ലെന്നും അത് സാവകാശം മാറുമെന്നും പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
إرسال تعليق