ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ജയ്‌പൂർ: മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് ജർമ്മൻ ദമ്പതികളടക്കം ആറ് പേരെ രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കരൺപൂരിൽ നിന്ന് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ പ്രാർത്ഥനാ സംഘം എന്നാരോപിച്ചാണ് ആറ് പേരെയും കസ്റ്റഡിയിലെടുത്തത്. ഇവരിൽ ജർമ്മൻ ദമ്പതികൾ വർക് വിസയിൽ ഇന്ത്യയിലെത്തിയതാണെന്ന് പൊലീസ് പറയുന്നു.
ജർമ്മൻ ദമ്പതികളുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. ജർമ്മനിയിൽ ഉണ്ടായിരുന്ന കാലം മുതൽ അവരെ അറിയാവുന്ന തടവുകാരിൽ ഒരാളുടെ ക്ഷണപ്രകാരമാണ് അവർ പ്രദേശം സന്ദർശിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഭാരതീയ ന്യായ സഹിത, രാജസ്ഥാൻ മതപരിവർത്തന വിരുദ്ധ നിയമം, വിദേശി നിയമം സെക്ഷൻ 14 എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹിന്ദു, സിഖ് സംഘടനകളിൽ നിന്നുള്ള പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷന് പുറത്ത് പ്രകടനം നടത്തി. ഈ പ്രദേശം അതിസുരക്ഷാ മേഖലയായതിനാൽ ഇവിടെ വിദേശ പൗരന്മാർ നടത്തുന്ന ഇടപെടലുകൾക്ക് കർശന നിയന്ത്രണം നിലവിലുണ്ട്. അനുമതിയില്ലാതെയാണ് ജർമ്മൻ ദമ്പതികൾ പ്രദേശത്തെത്തിയതെന്നാണ് വിവരം.
Post a Comment