ആ വിളി പിറന്നാൾ ആശംസിക്കാനെന്ന് കരുതി, എന്നാൽ ധ്യാൻ ശ്രീനിവാസനെ തേടിയെത്തിയത് ഇനി ഒരു പിറന്നാളിനും അച്ഛനില്ലെന്ന വാർത്ത
മലയാള സിനിമയുടെ ശ്രീ വിടവാങ്ങിയത് മകന്റെ പിറന്നാൾ ദിനത്തിൽ. സമ്മാനപ്പൊതിയും കേക്കുമായി കാത്തിരിക്കുന്ന അച്ഛന്റെ ഫോൺ വിളിയ്ക്കായി കാത്തു നിന്ന മകൻ ധ്യാൻ ശ്രീനിവാസനെ തേടിയെത്തിയത് പിതാവിന്റെ വിയോഗ വാർത്ത. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
അച്ഛൻ മകൻ എന്ന ബന്ധങ്ങൾക്കപ്പുറം നല്ല സുഹൃത്തുക്കളായിരുന്നു അവരെന്ന് പല ഇന്റർവ്യൂകളിലും ധ്യാൻ പറഞ്ഞിട്ടുണ്ട്. പരസ്പരം കളിയാക്കലുകൾകൊണ്ട് സംസാരിക്കുന്ന അച്ഛൻ -മകൻ കോംബോ ഇനി ഓർമകളിൽ മാത്രം.
മലയാളസിനിമാ ലോകത്തെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ശ്രീനിവാസൻ നടത്തിയ നാൾവളികൾ ഏറെയായിരുന്നു. സാധാരണക്കാരുടെ ഇടയിലേയ്ക്ക് നർമത്തിന്റെ ഭാവത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്ന ശ്രീനി എല്ലാവരുടെയും ചുണ്ടിൽ പൊട്ടിച്ചിരി വിടർത്തി.
ചലച്ചിത്ര രംഗത്ത് നടനും തിരക്കഥാകൃത്തും സംവിധായകനുമായി വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസൻ 1956 ഏപ്രിൽ നാലിന് കൂത്തുപറമ്പ് പാട്യത്താണ് ജനിച്ചത്. നർമത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു.
ശ്രീനിവാസന്റെ ഭൂരിഭാഗം വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്.
1976ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷമായിരുന്നു സിനിമ പ്രവേശനം.
ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻമാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ, അറബിക്കഥ, ആത്മകഥ തുടങ്ങി നിരവധി ചിത്രങ്ങളാണ് ശ്രീനിവാസൻ പൊന്നാക്കിമാറ്റിയിരിക്കുന്നത്.
ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പൂച്ചയ്ക്കൊരു മൂക്കുത്തിയാണ് ശ്രീനി ആദ്യം തിരക്കഥ എഴുതിയ ചിത്രം.
Post a Comment