Join News @ Iritty Whats App Group

'മനസിൽ തട്ടി അഭിനന്ദിക്കുന്നു' പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടിലെ കേസ് നേരിടാൻ എല്ലാം നിയമസഹായവും വാഗ്ദാനം ചെയ്ത് കോൺഗ്രസ്

'മനസിൽ തട്ടി അഭിനന്ദിക്കുന്നു' പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടിലെ കേസ് നേരിടാൻ എല്ലാം നിയമസഹായവും വാഗ്ദാനം ചെയ്ത് കോൺഗ്രസ്


തെരഞ്ഞെടുപ്പിന് സൂപ്പര്‍ ഹിറ്റായ 'സ്വര്‍ണം കട്ടവരാരപ്പ' എന്ന പാരഡി ഗാനത്തിന്റെ പിന്നണിയിൽ പ്രവര്‍ത്തിച്ചവര്‍ക്ക് പൂര്‍ണ പിന്തുണയറിയിച്ച് കോൺഗ്രസ്. കേരള പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് പാരഡി ഗാനശിൽപ്പി ജിപി കുഞ്ഞബ്ദുള്ളയെ നേരിട്ട് വിളിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പിന്തുണറയറിയിച്ചത്. നിയമ പോരാട്ടത്തിൽ എല്ലാ വിധ സഹായങ്ങളും ഉറപ്പുനൽകിയ അദ്ദേഹം പാട്ടെഴുതിയതിനെ അഭിനന്ദിക്കുകയും ചെയ്തു. 'കേരളം ഒട്ടാകെയിന്ന് ഏറ്റുപാടുന്ന പാരഡി ഗാനത്തിന്റെ ശിൽപ്പി ജിപി കുഞ്ഞബ്ദുള്ളയുമായി ഫോണിൽ സംസാരിച്ചു. അത്രയേറെ ആകർഷിച്ച വരികൾക്ക് മനസ്സിൽ തട്ടി അഭിനന്ദനമറിയിക്കുകയും ചെയ്തു. കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും കോൺഗ്രസ് പ്രസ്ഥാനത്തിൽ നിന്നുണ്ടാകുമെന്ന ഉറപ്പ് നൽകിയിട്ടുമുണ്ട്' എന്ന് കെസി വേണുഗോപാൽ കൂടിക്കാഴ്ചയ്ക്ക് ശേഷം കുറിച്ചു

കെസി വേണുഗോപാലിന്റെ കുറിപ്പിങ്ങനെ

കേരളം ഒട്ടാകെയിന്ന് ഏറ്റുപാടുന്ന പാരഡി ഗാനത്തിന്റെ ശിൽപ്പി ജിപി കുഞ്ഞബ്ദുള്ളയുമായി ഫോണിൽ സംസാരിച്ചു. അത്രയേറെ ആകർഷിച്ച വരികൾക്ക് മനസ്സിൽ തട്ടി അഭിനന്ദനമറിയിക്കുകയും ചെയ്തു. കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും കോൺഗ്രസ് പ്രസ്ഥാനത്തിൽ നിന്നുണ്ടാകുമെന്ന ഉറപ്പ് നൽകിയിട്ടുമുണ്ട്. ശാസ്താവിന്റെ സ്വർണ്ണം കൊള്ളയടിച്ചവർ ഇന്നും പാർട്ടിക്കുള്ളിൽ എല്ലാ പദവികളും നിലനിർത്തിക്കൊണ്ട് അധികാരം ആസ്വദിക്കുകയാണ്. വിശ്വാസത്തെ മുറിവേൽപ്പിച്ചുകൊണ്ട് അവർ നടത്തിയ കൊള്ളയാണ് കുറ്റകരം. ആ കൊള്ളയെ'പാട്ടാക്കിയവർ' ഇന്ന് വിശ്വാസത്തെ വൃണപ്പെടുത്തിയവരാകുന്ന കാഴ്ച, ഭരണകൂട ഭീകരതയുടെ നേർ ചിത്രമാണ്. സിപിഐഎം അസഹിഷ്ണുതയുടെ വക്താക്കളായി മാറിയെന്നതിന് കുഞ്ഞബ്ദുള്ളയടക്കമുള്ളവർ ഒരുക്കിയ ഗാനം ഏറ്റവും മികച്ച ഉദാഹരണമാവുകയാണ്.

കേട്ടുകേൾവിയില്ലാത്തതെന്ന് വിഡി സതീശൻ

പാരഡി ​ഗാനത്തിന്റെ പേരിൽ കേസെടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാരഡി ​ഗാനം ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതെല്ലെന്നും വി ഡി സതീശൻ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമെന്ന് വിഡി സതീശൻ വിമർശിച്ചു. സംഘപരിവാറിന്റെ അതേ കളിയാണ് കേരളത്തിൽ സിപിഎമ്മും കളിക്കുന്നത്. സാംസ്കാരിക ലോകത്തിന് മുന്നിൽ മുഖ്യമന്ത്രി തലകുനിച്ച് നിൽക്കണമെന്നും വിഡി സതീശൻ പറഞ്ഞു. തീവ്ര വലതുപക്ഷ സർക്കാരുകളുടെ അതേ നയമാണ് ഇടതുപക്ഷ സർക്കാരിനും. ഈ നിലപാട് കേരളത്തിന് അപമാനമെന്നും വി ഡി സതീശൻ ‌കുറ്റപ്പെടുത്തി.

കേസെടുത്ത് പൊലീസ്

പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്. ശരണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പാട്ടുണ്ടാക്കിയതിനാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തത്. ഗാനരചയിതാവും ഗായകനും പ്രതികളാണ്. പാട്ട് പെരുമാറ്റച്ചട്ടലംഘനമെന്ന് ആരോപിച്ച് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. തിരുവാഭരണ പാതാ സംരക്ഷണ സമിതി ജന. സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസ്. നിയമോപദേശം തേടിയെടുത്ത കേസിൽ പ്രതിപ്പട്ടികയിൽ നാല് പേരുകളാണുള്ളത്. ഗാനരചയിതാവ് കുഞ്ഞബ്ദുളള, പാടിയ ഡാനിഷ്, നിർമാതാവ് സുബൈർ പന്തല്ലൂർ, ഇവരുടെ സിഎംഎസ് മീഡിയ എന്നിവർ. ചേർത്തത് രണ്ട് വകുപ്പുകളാണ്. മതസ്പർധയുണ്ടാക്കിയതിനും വിശ്വാസം വ്രണപ്പെടുത്തിയതിനും. അയ്യപ്പഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചെന്നും എഫ്ആറിലുണ്ട്.സൈബർ പൊലീസ് എസ് പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തിറങ്ങിയ പാട്ട്, ഫലം വന്ന ശേഷം യുഡിഎഫ് നേതാക്കൾ ഏറ്റുപാടിയതോടെയാണ് വൈറലായത്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടി സിപിഎമ്മും പാട്ടിനെതിരെ പരാതി നൽകാൻ തീരുമാനിച്ചു. ധ്രുവീകരണമുണ്ടാക്കി വോട്ടുപിടിക്കാൻ പാട്ടിലൂടെ ശ്രമം നടന്നെന്നും ചട്ടലംഘനമുണ്ടായെന്നും  തെരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെടും. തിരുവാഭരണ പാതാ സംരക്ഷണ സമിതി ജന. സെക്രട്ടറിയുടെ പരാതിയെ പാർട്ടി പിന്തുണച്ചിരുന്നു. പിന്നാലെ സമിതി ചെയർമാനായ ഹിന്ദു ഐക്യ വേദി ജില്ലാ അധ്യക്ഷൻ പരാതിയെ തളളി രംഗത്തെത്തി. സിപിഎം വികാരത്തെ കളിയാക്കുകയാണ് കോൺഗ്രസ്. പാരഡിയിൽ പൊളളുന്നതെന്തിനെന്ന് ചോദ്യം. സ്വർണക്കൊളള തെരഞ്ഞെടുപ്പിൽ ഏശിയില്ലെന്ന് വിലയിരുത്തിയതിന് പിന്നാലെയാണ് അത് വിഷയമായ പാരഡി ഗാനത്തിനെതിരെ സിപിഎം നീക്കം. കേസായതോടെ കൂടുതൽ പ്രചാരം നൽകി പ്രതിരോധിക്കാനാണ് യുഡിഎഫ് തീരുമാനം.

Post a Comment

أحدث أقدم
Join Our Whats App Group