ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ്‍ പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയിൽവേ
തൃശൂര്‍: ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ്‍ പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഈ മാസം 20 മുതല്‍ നാല് ശനിയാഴ്ചകളില്‍ വഡോദരയില്‍ നിന്ന് കോട്ടയത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍ നിന്ന് ശനിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി ഏഴിനാണ് കോട്ടയത്ത് എത്തുക. ഞായറാഴ്ചകളില്‍ രാത്രി ഒമ്പതിന് കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് വഡോദരയില്‍ എത്തും. കാസര്‍കോഡ്, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
തെലുങ്കാനയിലെ ചെര്‍ലപ്പള്ളിയില്‍ നിന്ന് മംഗലൂരുവിലേക്ക് ഈ മാസം 24നും 28നും സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. ചെര്‍ലപ്പള്ളിയില്‍ നിന്ന് രാത്രി പതിനൊന്നരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ രണ്ടാം ദിവസം രാവിലെ 6.05ന് മംഗലൂരുവിലെത്തും. 26നും 30നും രാവിലെ 9.55ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് പിറ്റേന്ന് വൈകീട്ട് അഞ്ചിന് ചെര്‍ലപ്പള്ളിയിലെത്തും. കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.
إرسال تعليق