മട്ടന്നൂർ എടയന്നൂരില്‍ വാഹനാപകടത്തില്‍ മരിച്ച അമ്മയ്ക്കും മക്കള്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
മട്ടന്നൂർ: എടയന്നൂരില്‍ വാഹനാപകടത്തില്‍ മരിച്ച അമ്മയ്ക്കും മക്കള്‍ക്കും കണ്ണീരില്‍ കുതിർന്ന യാത്രാമൊഴി. നെല്ലൂന്നി കുട്ടിക്കുന്നുമ്മല്‍ റോഡില്‍ ലോട്ടസ് ഗാർഡനില്‍ നിവേദ രഘുനാഥ് (44), മകൻ സാത്വിക് (ഒന്പത്), ഋഗ്വേദ് (11) എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് നാട്ടിലെത്തിച്ച മൃതദേഹങ്ങള്‍ പൊതുദർശനത്തിന് ശേഷം സംസ്കരിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മട്ടന്നൂർ -കണ്ണൂർ റോഡില്‍ എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലുണ്ടായ അപകടത്തിലാണ് അമ്മയും രണ്ടു മക്കളും മരിച്ചത്. ബുധനാഴ്ച രാവിലെ മട്ടന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ നാട്ടിലെത്തിച്ചു.
തുടർന്നു നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്ത് പൊതുദർശനത്തിന് വച്ചു. പിന്നീട് നിവേദയുടെ സഹോദരി ഗിരിജയുടെ വീട്ടിലും തുടർന്നു സ്വന്തം വീട്ടിലും പൊതുദർശനത്തിനു വച്ച ശേഷം തില്ലങ്കേരി ശാന്തിതീരത്ത് സംസ്കരിച്ചു. അമ്മയെയും മക്കളെയും അവസാനമായി ഒരു നോക്ക് കാണാൻ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നായി നൂറു കണക്കിനാളുകളാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.
സാത്വിക്, ഋഗ്വേദ് എന്നിവർ പഠിക്കുന്ന മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂളിലെ അധ്യാപകർ അടക്കമുള്ളവർ വിങ്ങിപ്പൊട്ടി. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ, കെ.കെ. ശൈലജ എംഎല്‍എ, മുൻ മന്ത്രി ഇ.പി. ജയരാജൻ, നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് തുടങ്ങിയവർ അന്ത്യോപചാരമർ പ്പിക്കാനെത്തിയിരുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അമ്മയും മക്കളും സഞ്ചരിച്ച സ്കൂട്ടിയില്‍ കൊട്ടിയൂരില്‍നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായി രുന്ന കാർ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ അടിഭാഗത്ത് കുടുങ്ങിയ സ്കൂട്ടറുമായി 50 മീറ്ററോളം കാർ മുന്നോട്ടുനീങ്ങി. കാറിനടിയില്‍ കുടുങ്ങിപ്പോയ സാത്വികിനെ വാഹനം മറിച്ചിട്ടാണ് പുറത്തെടുത്തത്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അമ്മയുടെയും മക്കളുടെയും ജീവൻ രക്ഷിക്കാനായില്ല.
കുറ്റിയാട്ടൂരില്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം. അമ്മയുടെയും മക്കളുടെയും മരണം നെല്ലൂന്നി ഗ്രാമത്തെ ദുഃഖത്തി ലാഴ്ത്തിയിരുന്നു. മട്ടന്നൂരില്‍നിന്ന് അധികം ദൂരമില്ലാത്ത നെല്ലൂന്നിയില്‍ ആറുവർഷത്തോളമേ ആയിട്ടുള്ളു കുടുംബം പുതിയ വീട് വച്ച് താമസം തുടങ്ങിയിട്ട്. നിവേദയുടെ അച്ഛൻ കവിണിശേരി കുഞ്ഞമ്ബു നായർ നല്‍കിയ സ്ഥലത്താണ് പുതിയ വീട് വച്ചത്.
പരീക്ഷകള്‍ കഴിഞ്ഞ് സ്കൂള്‍ അടച്ചതോടെ എവിടെങ്കിലും പോകണമെന്ന് കുട്ടികള്‍ നിർബന്ധം പിടിച്ചതോടെയാണ് കുറ്റ്യാട്ടൂരില്‍ തെയ്യം കാണാൻ പോയത്. ചൊവ്വാഴ്ച രാവിലെ പോയി ഉച്ചയ്ക്ക് അവിടെനിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് അമ്മയും മക്കളും നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലേക്ക് തിരിച്ചുവരികയാണെന്നും ചാലോട് എത്തിയെന്നും നെല്ലൂന്നിയിലെ വീട്ടില്‍ വിളിച്ചുപറഞ്ഞിരുന്നു.
ചാലോട് നിന്ന് അധികം വൈകാതെ എടയന്നൂരില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. തെയ്യം കണ്ടുള്ള മടക്കം മൂവരുടേയും അവസാന യാത്രയായി. മരിച്ച നിവേദയുടെ ഭർത്താവ് രഘുനാഥ് വിദേശത്തായിരുന്നു. ഭാര്യയുടെയും മക്കളുടെയും മരണവിവരം അറിഞ്ഞതോടെ കുവൈറ്റിലുള്ള രഘുനാഥ് ഇന്നലെ പുലർച്ചെ നാട്ടിലെത്തിയിരുന്നു.
إرسال تعليق