Join News @ Iritty Whats App Group

മകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 17കാരനെ പിടികൂടിയ പിതാവിനെതിരെ പൊലീസ് കേസ്; ദുരൂഹത ആരോപിച്ച് കുടുംബം

മകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 17കാരനെ പിടികൂടിയ പിതാവിനെതിരെ പൊലീസ് കേസ്; ദുരൂഹത ആരോപിച്ച് കുടുംബം


കൊച്ചി: ഒമ്പതു വയസുളള മകള്‍ക്കു നേരെ നടുറോഡില്‍ ലൈംഗികാതിക്രമം നടത്തിയ 17കാരനെ പിടികൂടി പൊലീസിൽ എല്‍പ്പിച്ച പിതാവിനെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് പരാതി. പോക്സോ കേസ് ദുർബലപ്പെടുത്താനുള്ള ശ്രമമെന്നാണ് ആരോപണം. പോക്സോ കേസിലെ പ്രതിയുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെയെടുത്ത കേസിനെ ചൊല്ലിയാണ് വിവാദം. കൊച്ചി കടവന്ത്ര പൊലീസിന്‍റെ നീക്കത്തിൽ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 25ന് വൈകിട്ട് നാലരയോടെയാണ് നടുറോഡില്‍ ഒമ്പതുവയസുകാരിയ്ക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായത്.

ഇളയ സഹോദരിക്കൊപ്പം റോഡില്‍ സൈക്കിള്‍ ചവിട്ടാനിറങ്ങിയ പെണ്‍കുട്ടിയ്ക്കുനേരെ 17കാരൻനടത്തിയ ലൈംഗിക അതിക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കമുളള തെളിവുകളുമുണ്ട്. അക്രമം നടത്തിയശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ കുട്ടിയുടെ പിതാവ് പിന്തുടര്‍ന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക സിപിഎം നേതാക്കളടക്കം സമീപിച്ചെങ്കിലും വഴങ്ങിയില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.പ്രതിയായ 17കാരനെതിരെ പോക്സോ കേസ് ചുമത്തിയെങ്കിലും പ്രതിയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നാലെ ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു.

ജാമ്യം കിട്ടിയതിനു പിന്നാലെയാണ് പ്രതിയായ പതിനേഴുകാരന്‍, പെണ്‍കുട്ടിയുടെ പിതാവ് മര്‍ദിച്ചെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ പരാതിയുടെ പശ്ചാത്തലത്തെ കുറിച്ച് ബോധ്യമുണ്ടായിരുന്നിട്ടും കടവന്ത്ര പൊലീസ് കേസെടുത്തു. ഒമ്പതു വയസുകാരിയായ മകള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പിടിച്ചു പൊലീസിലേല്‍പ്പിച്ചതിന്‍റെ പേരിലാണ് ആ കുഞ്ഞിന്‍റെ അച്ഛന്‍ ജാമ്യമില്ലാത്ത വകുപ്പുകളുളള കേസില്‍ പ്രതിയായത്.അതേസമയം, 17കാരന്‍റെ പരാതിയായതിനാലാണ് അതിജീവിതയായ പെണ്‍ കുട്ടിയുടെ അച്ഛനെതിരെ കേസെടുക്കേണ്ടി വന്നതെന്നാണ് കടവന്ത്ര പൊലീസ് വിശദീകരണം. കേസെടുത്തതല്ലാതെ കുട്ടിയുടെ അച്ഛനെതിരെ തുടര്‍ നടപടിയൊന്നും എടുത്തിട്ടില്ലെന്നും പൊലീസ് ന്യായീകരിക്കുന്നു.

എന്നാല്‍, കേസെടുത്ത വിവരം മറച്ചുവച്ച പൊലീസ് നടപടിയിലടക്കം പെണ്‍കുട്ടിയുടെ കുടുംബം ദുരൂഹതയുണ്ടെന്നാണ് പറയുന്നത്.കുട്ടിയുടെ പിതാവിനെതിരെ കൂടുതല്‍ നടപടികളുണ്ടാവില്ലെന്ന് കടവന്ത്ര പൊലീസ് പറയുന്നുണ്ടെങ്കിലും മകള്‍ക്കെതിരായ ലൈംഗികാതിക്രമ കേസിനെ ദുര്‍ബലപ്പെടുത്താനുളള നീക്കമാണോ നടക്കുന്നതെന്ന ഭയം കുട്ടിയുടെ കുടുംബത്തിനുണ്ട്. മകളെ അതിക്രമിച്ച സംഭവത്തിൽ തങ്ങള്‍ക്ക് നീതി കിട്ടണമെന്നും അതില്ലാതെ ജീവിച്ചിട്ട് കാര്യമെന്താണെന്നും കുട്ടിയുടെ അമ്മ പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് കടവന്ത്ര പൊലീസിന്‍റെ നടപടികളില്‍ സംശയമാരോപിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group