ഫലം വരും മുൻപേ 12000 ലഡു ഉണ്ടാക്കി വച്ച സ്വതന്ത്രന് മിന്നും വിജയം; 'എന്നാ ഒരു കോണ്‍ഫിഡൻസാ' എന്ന് നാട്ടുകാർ
കൊച്ചി: തെരഞ്ഞെടുപ്പ് ഫലം വരും മുൻപ് തന്നെ തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി തയ്യാറാക്കി വച്ചത് 12000 ലഡു. സ്വതന്ത്ര സ്ഥാനാർത്ഥി സാബു ഫ്രാൻസിസിന്‍റെ ആത്മവിശ്വാസം വെറുതെയായിരുന്നില്ലെന്ന് ഫലം വന്നപ്പോൾ വ്യക്തമായി. 142 വോട്ടിന്റെ ലീഡ് നേടിയാണ് അദ്ദേഹം വിജയിച്ചത്
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും മുൻപ് തന്നെ, സാബു ഫ്രാൻസിസും കുടുംബവും സുഹൃത്തുക്കളും ചേർന്ന് 12000 ലഡു തയ്യാറാക്കിവച്ചിരുന്നു. പരാജയപ്പെട്ടാൽ അതെന്ത് ചെയ്യും എന്നായിരുന്നു നാട്ടുകാരുടെ ആശങ്ക. എന്നാൽ ആശങ്കയ്ക്ക് വിരാമമിട്ടു കൊണ്ട് സാബു ഫ്രാൻസിസ് വിജയം നേടി. 40-ാം വാർഡിൽ നിന്നാണ് സാബു മത്സരിച്ചത്. ഈ വാർഡിൽ മാത്രമല്ല, മുൻപ് സാബുവും അദ്ദേഹത്തിന്റെ ഭാര്യ ഓമനയും മത്സരിച്ച് വിജയിച്ച 34-ാം വാർഡിലും ലഡു വിതരണം ചെയ്തു. ഇതോടെ, വല്ലാത്തൊരു കോൺഫിഡൻസിന്‍റെ ഉടമയാണ് സാബുവെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്ന കമന്‍റ്.
142 വോട്ടിന്റെ ലീഡ് നേടിയാണ് സാബു ഫ്രാൻസിസ് വിജയിച്ചത്. വിജയം ഉറപ്പെന്നാണ് വോട്ടെണ്ണലിന്‍റെ തലേ ദിവസവും അദ്ദേഹം പറഞ്ഞത്. ഏത് കാര്യത്തിനും ഓടിയെത്തുന്ന ഓമനയെയും സാബുവിനെയും തങ്ങൾക്ക് മറക്കാനാവില്ലെന്ന് നാട്ടുകാർ പറയുന്നു. 2020 ൽ ഓമന തൃക്കാക്കരയിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് വിജയിച്ചതും. അന്നും ഫല പ്രഖ്യാപനത്തിന് മുൻപേ ലഡു റെഡിയായിരുന്നു.
അതിനിടെ പാലക്കാട് മണ്ണാർക്കാട് നഗരസഭയിലേക്ക് മത്സരിച്ച് തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥി നേരെ പോയത് ബിജെപിയുടെ പ്രകടനത്തിന്. നഗരസഭാ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അഞ്ജു സന്ദീപ് ആണ് ബിജെപിയുടെ പ്രകടനത്തിന് പോയത്. ബിജെപി സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിനൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോ പുറത്തുവന്നു. കാരാക്കുറിശ്ശി പഞ്ചായത്തിൽ 6 ആം വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർഥി സ്നേഹ രാമകൃഷ്ണന്റെ വിജയാഘോഷ റാലിയിലാണ് അഞ്ജു പങ്കെടുത്തത്. ഇന്നലെ വൈകിട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയാഘോഷ റാലിയുണ്ടായിരുന്നത്. തന്‍റെ സുഹൃത്താണ് സ്നേഹയെന്നാണ് സംഭവത്തെക്കുറിച്ച് അഞ്ജുവിന്‍റെ വിശദീകരണം
إرسال تعليق