Join News @ Iritty Whats App Group

പനിയും ദഹന പ്രശ്നങ്ങളുമായി 11കാരൻ ആശുപത്രിയിലെത്തി, ശുചിമുറിയിൽ പോയി വന്നപ്പോൾ നൽകിയത് മറ്റൊരു കുട്ടിയുടെ ഇഞ്ചക്ഷൻ; ചികിത്സാ പിഴവുണ്ടായതായി ഡിഎച്ച്എസ്

പനിയും ദഹന പ്രശ്നങ്ങളുമായി 11കാരൻ ആശുപത്രിയിലെത്തി, ശുചിമുറിയിൽ പോയി വന്നപ്പോൾ നൽകിയത് മറ്റൊരു കുട്ടിയുടെ ഇഞ്ചക്ഷൻ; ചികിത്സാ പിഴവുണ്ടായതായി ഡിഎച്ച്എസ്


തിരുവനന്തപുരം:തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കഴിഞ്ഞവർഷം ജൂലൈ 30 ന് പനിക്ക് ചികിത്സ തേടിയെത്തിയ കുഞ്ഞിന് ചികിത്സാ പിഴവുണ്ടായതായി ആരോഗ്യവകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. കുട്ടിക്ക് ഇപ്പോൾ യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നും പൂർണ ആരോഗ്യവാനാണെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രതിനിധിയായ എസ്.എ.റ്റി. ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധൻ കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരായി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.

സംഭവത്തിൽ സ്റ്റാഫ് നേഴ്സിനെ സസ്പെന്റ് ചെയ്തെന്നും എൻ.എച്ച്.എം. സ്റ്റാഫ് നേഴ്സിനെ പിരിച്ചു വിട്ടെന്നും നഴ്സിംഗ് സൂപ്രണ്ടിൽ നിന്നും വിശദീകരണം വാങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. പനിയും ദഹനസംബന്ധമായ പ്രശ്നങ്ങളുമായാണ് റിജോ (11) എന്ന കുട്ടിയെ 2024 ജൂലൈ 30 ന് തൈക്കാട് ആശുപത്രിയിലെ കാഷ്വാലിറ്റിയിലെത്തിച്ചത്. കുട്ടിക്ക് ഐ.വി. ഫ്ലൂയിഡ് നൽകാനും പ്രാന്റപ്രിസോൾ കുത്തിവയ്പ് നൽകാനും ശിശുരോഗ വിദഗ്ദ്ധൻ നിർദ്ദേശിച്ചു. ഇതിനിടയിൽ കുട്ടിക്ക് ശുചിമുറിയിൽ പോകേണ്ടി വന്നു. ഇതേ സമയം മറ്റൊരു കുട്ടിയെ ശ്വാസതടസവുമായി ആശുപത്രിയിൽ കൊണ്ടു വന്നു. ആ കുട്ടിയ്ക്ക് നെബുലൈസേഷൻ നൽകുന്നതിനായി അഡ്രിനാലിൻ എന്ന മരുന്ന് സിറിഞ്ചിൽ ലോഡ് ചെയ്ത ശേഷം ബാക്കി വന്നത് ലേബൽ ചെയ്യുന്നതിനായി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് വിദ്യാർത്ഥിനിക്ക് കൈമാറി.

അപ്പോൾ ശുചിമുറിയിൽ നിന്നെത്തിയ റിജോക്ക് രണ്ടാമത്തെ കുട്ടിക്ക് നെബുലൈസേഷൻ നൽകിയതിന്റെ ബാക്കി വന്ന അഡ്രിനാലിൻ ഇഞ്ചക്ഷൻ നൽകി. റിജോയുടെ ആരോഗ്യനില മോശമാവുകയും എസ്.എ.റ്റി. ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ച് പിതാവിന്റെ മൊഴിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group