ടിക്കറ്റ് ബുക്ക് ചെയ്ത് പണി കിട്ടയവരെ സന്തോഷിപ്പിക്കാൻ ഇൻഡിഗോ! നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ വൗച്ചറുകൾ പ്രഖ്യാപിച്ചു
ദില്ലി: ഇൻഡിഗോ പ്രതിസന്ധിയിൽ ഏറ്റവും വലിയ ദുരിതം നേരിട്ട യാത്രക്കാര്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി ഇൻഡിഗോ. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വിമാനം റദ്ദാക്കലുകളും വൈകലുകളും മൂലം ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട യാത്രക്കാര്‍ക്കാണ് പ്രത്യേ ഓഫറുമായി ഇൻഡിഗോ എത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിച്ച യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ സൗജന്യമായി നൽകുമെന്നാണ് ഇൻഡിഗോ എയർലൈൻസ് പ്രഖ്യാപിച്ചു. യാത്രാ വൗച്ചറുകൾ ഡിസംബർ 3 മുതൽ 5 വരെ യാത്ര ചെയ്തവർക്ക് മാത്രമായിരിക്കുമെന്ന് ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി.
അധിക വൗച്ചറുകൾ, 12 മാസത്തെ കാലാവധി
കോക്ക്പിറ്റ് ജീവനക്കാരുടെ കുറവ് കാരണം തങ്ങളുടെ ഏറ്റവും വലിയ വിമാനക്കമ്പനിയിൽ വ്യാപകമായ പ്രതിസന്ധി ഉണ്ടായപ്പോൾ നിരവധി മണിക്കൂറുകൾ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ ഉപഭോക്താക്കൾ ഉണ്ടെന്ന് ഇൻഡിഗോ സമ്മതിച്ചു. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിച്ച ഉപഭോക്താക്കൾക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ നൽകും. ഈ വൗച്ചറുകൾ അടുത്ത 12 മാസത്തേക്ക് ഇൻഡിഗോയുടെ ഏത് യാത്രയ്ക്കും ഉപയോഗിക്കാവുന്നതാണ് എന്ന് ഇൻഡിഗോ അറിയിച്ചു. എന്നാൽ, ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിച്ച" യാത്രക്കാരെ എങ്ങനെയാണ് കണ്ടെത്തുക എന്നതിനെക്കുറിച്ച് എയർലൈൻ കൃത്യമായ മാനദണ്ഡങ്ങൾ വ്യക്തമാക്കിയിട്ടില്ല.
സർക്കാർ നിർദ്ദേശങ്ങൾക്ക് പുറമെ അധിക നഷ്ടപരിഹാരം
ആഭ്യന്തര വിപണിയിൽ ഏകദേശം 65 ശതമാനം പങ്കാളിത്തമുള്ള ഇൻഡിഗോ, ഈ വൗച്ചറുകൾ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നൽകേണ്ട നിർബന്ധിത നഷ്ടപരിഹാരത്തിന് പുറമെയാണെന്ന് അറിയിച്ചു. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കിയ യാത്രക്കാർക്ക് 5,000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്. വിമാനത്തിന്റെ 'ബ്ലോക്ക് ടൈം' അനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കുക. പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂറിനുള്ളിൽ വിമാനങ്ങൾ റദ്ദാക്കിയ ഉപഭോക്താക്കൾക്ക്, ഫ്ലൈറ്റിന്റെ ബ്ലോക്ക് ടൈം അനുസരിച്ച് 5,000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം ഇൻഡിഗോ നൽകും എന്നും പ്രസ്താവനയിൽ പറയുന്നു.
പ്രവർത്തനം സാധാരണ നിലയിലേക്ക്
തുടർച്ചയായ പ്രതിസന്ധിക്ക് ശേഷം ഇൻഡിഗോയുടെ പ്രവർത്തനംവ്യാഴാഴ്ച സാധാരണ നിലയിലേക്ക് തിരിച്ചെത്തി. ഇന്ന് ഏകദേശം 1,950-ൽ അധികം വിമാന സർവീസുകൾ നടത്താൻ കഴിയുമെന്നാണ് എയർലൈൻ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞയാഴ്ച 30 ശതമാനം വരെ താഴ്ന്ന ഓൺ-ടൈം പെർഫോമൻസ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 92 ശതമാനത്തിന് മുകളിൽ എത്തി. റദ്ദാക്കിയ വിമാനങ്ങൾക്കായി 800 കോടി രൂപയിലധികം ഇൻഡിഗോ ഇതിനകം റീഫണ്ട് നൽകി. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ പ്രവർത്തന തകർച്ചകളിൽ ഒന്നാണിത്. ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിച്ച ഈ പ്രശ്നത്തെ തുടർന്ന് സർക്കാർ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ഇൻഡിഗോയുടെ 10ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഈ വെട്ടിക്കുറവ് കാരണം അവധിക്കാലത്തിന് മുന്നോടിയായി ഏകദേശം 200 വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്.
إرسال تعليق