ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണ്, എങ്ങനെ പെട്ടെന്ന് ജാമ്യം നൽകുമെന്ന് സുപ്രീംകോടതി; 'രേഖകൾ കാണാതെ ജാമ്യം നൽകില്ല'
ദില്ലി:ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണെന്നും പെട്ടെന്ന് എങ്ങനെ ജാമ്യം നൽകുമെന്നും സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രേഖകൾ കാണണമെന്നും കോടതി പറഞ്ഞു. സാക്ഷി മൊഴികൾ അടക്കം കാണാതെ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യഹർജിയെ കെകെ രമ എതിർത്തു.
സംസ്ഥാനം മറുപടി സമർപ്പിക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് കെകെ രമയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ വാദിച്ചു. ഗ്യാലറിക്ക് വേണ്ടിയുള്ള ആരോപണങ്ങളാണ് കെകെ രമ ഉന്നയിക്കുന്നതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ്റെ വാദം. പ്രതികള്‍ക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്നും സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നും സത്യവാങ്മൂലത്തിൽ കെകെ രമ പറഞ്ഞു. പ്രതികൾക്ക് ജാമ്യം നൽകുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നൽകും. ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്താണ് രമ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്.
إرسال تعليق