ബെംഗളൂരുവിൽ മലയാളി യുവാവ് ഫ്ലാറ്റിൽ മരിച്ച നിലയിൽ, താമസിച്ചിരുന്നത് 2 മലയാളി യുവതികൾക്കൊപ്പം, ഒരാളുടെ ഫോൺ സ്വിച്ച് ഓഫ്; കേസെടുത്തു
തിരുവനന്തപുരം: ശ്രീകാര്യം സ്വദേശിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എടത്തറ ആർത്തശേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സി.പി വിഷ്‌ണു (39) ആണ് മരിച്ചത്. ഇയാൾ ജോലിയുമായി ബന്ധപ്പെട്ട് കാലങ്ങളായി ബംഗളുരുവിലായിരുന്നു താമസം. സംഭവത്തിൽ വിഷ്ണുവിനൊപ്പം താമസിച്ചിരുന്ന രണ്ട് മലയാളി യുവതികളുടെ പേരിൽ പൊലീസ് കേസെടുത്തു. ബംഗളൂരുവിലെ യെല്ലനഹള്ലിയിലെ അപ്പാർട്ട്മെന്റിൽ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തിരുന്ന സൂര്യാ കുമാരി (38), ജ്യോതി (38) എന്നീ യുവതികളോടൊപ്പം അപ്പാർട്ട്മെന്റ് പങ്കിട്ടാണ് വിഷ്ണു താമസിച്ചിരുന്നത്.
കഴിഞ്ഞ വെളിയാഴ്ച പുലർച്ചെ വിഷ്‌ണുവിനെ ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി യുവതികളിലൊരാൾ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നാലെ കുടുംബം ബംഗളുരുവിലേക്ക് പുറപ്പെട്ടു. സംഭവത്തിൽ സംശയം തോന്നിയ സഹോദരൻ ജിഷ്‌ണു യുവതികൾക്കെതിരെ പൊലീസിൽ പരാതി നൽകി. യുവതികളുടെ പീഡനം കാരണമാണ് വിഷ്ണു ജീവനൊടുക്കിയതെന്ന സഹോദരന്‍റെ ആരോപണത്തെ തുടർന്ന് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് യുവതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
യുവതികളിലൊരാളുമായി വിഷ്ണുവിന് ബന്ധമുണ്ടായിരുന്നതായും പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നതായും പറയുന്നു. ബംഗളൂരുവിൽ താമസിക്കുന്ന സൂര്യകുമാരിയെ ഉടൻ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ഇവിടെ നിന്നും ജോലിയ്ക്കായി ഡെറാഡൂണിലേക്ക് പോയ ജ്യോതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ അവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. മരിച്ച മൂവരും തിരുവനന്തപുരത്തുകാരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
إرسال تعليق