Join News @ Iritty Whats App Group

'അമ്മ ബഹളം കേട്ട് ഉണർന്നപ്പോൾ കണ്ടത് 17 കാരിയായ മകളുടെ കാമുകനെയും കൂട്ടുകാരേയും, എതിർത്തതോടെ കഴുത്ത് ഞെരിച്ച് കൊന്നു, കെട്ടിത്തൂക്കി'

ബെംഗളൂരു: ബെംഗളൂരു ഉത്തരഹള്ളിയിൽ പ്രണയബന്ധം വിലക്കിയ അമ്മയെ പ്രായപൂർത്തിയാകാത്ത മകൾ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബെംഗളൂരുവിലെ ബ്രഹ്മണ്യപുരയിലെ സർക്കിൾ മാരാമ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന 35 കാരി നേത്രാവതിയാണ് കൊല്ലപ്പെട്ടത്. മകളും ആൺ സുഹൃത്തും തമ്മിലുള്ള ബന്ധം നേത്രാവതി വിലക്കിയിരുന്നു. താനില്ലാത്തപ്പോൾ ഈ പതിനേഴുകാരനും സുഹൃത്തുക്കളും വീട്ടിലെത്തുന്നത് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇത് മറികടന്ന് ഒക്ടോബർ 25ന് രാത്രിയും ഈ സംഘം നേത്രാവതിയുടെ വീട്ടിലെത്തി.

വിധവയായ നേത്രാവതിയും മകളും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവ ദിവസം രാത്രി 11 മണിയോടെ വീട്ടിൽ ബഹളം കേട്ട് ഉറക്കമുണർന്ന നേത്രാവതി കണ്ടത് മകൾക്കൊപ്പം കാമുകനേയും 3 സുഹൃത്തുക്കളെയുമാണ്. എല്ലാവരും ഒരു മുറിയിലായിരുന്നു. ഇത് കണ്ട നേത്രാവതി ബഹളമുണ്ടാക്കി. മകളെ ശകാരിക്കുകയും ആൺകുട്ടികളോട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ പറയുകയും ചെയ്തു. നേതാവതി ബഹളം വെച്ചതോടെ ഈ സംഘം യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ചെന്നുറപ്പായപ്പോൾ സാരി ഉപയോഗിച്ച് കെട്ടിത്തൂക്കി. പിന്നാലെ വീടുപൂട്ടി എല്ലാവരും സ്ഥലം വിടുകയും ചെയ്തു.

നേത്രാവതി എവിടേക്കോ പോയതാണെന്നാണ് ബന്ധുക്കൾ കരുതിയിരുന്നത്. രണ്ട് ദിവസമായിട്ടും കാണാതായതോടെ അന്വേഷിച്ചെത്തിയ സഹോദരിയാണ് മരണ വിവരം പുറത്തറിയിച്ചത്. ആദ്യം തൂങ്ങിമരണമാണ് എന്ന് കരുതിയെങ്കിലും മകൾ തിരിച്ചെത്തി ഒരു കഥയുണ്ടാക്കി പറഞ്ഞതോടെയാണ് കൊലപ്പെടുത്തിയതെന്ന നിഗമനത്തിലേക്ക് ബന്ധുക്കൾ എത്തിയത്. സഹോദരിയുടെ പരാതിയിൽ പൊലീസ് നേത്രാവതിയുടെ മകളുടെ കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സത്യം വെളിപ്പെട്ടത്. പിന്നാലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ നേത്രാവതിയുടെ 17 കാരിയായ മകളും കാമുകനും ഉൾപ്പെടെ 5 പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ നാലുപേരും പതിനാറിനും പതിനേഴിനും ഇടയിൽ പ്രായമുള്ളവരാണ്. ഒരാളുടെ പ്രായം പതിമൂന്നാണ്.

Post a Comment

أحدث أقدم
Join Our Whats App Group