Join News @ Iritty Whats App Group

15 വിമാനങ്ങൾ ഒറ്റയടിക്ക് റദ്ദാക്കി ആകാശ; വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് സമയം പരിശോധിച്ച് ഉറപ്പാക്കുക

ദില്ലി: ആകാശ എയർ 15 വിമാനങ്ങൾ പെട്ടെന്ന് റദ്ദാക്കിയതോടെ യാത്രക്കാർ വലഞ്ഞു. അകാശയിൽ ടിക്കറ്റ് എടുത്തവർ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് വിമാന ഷെഡ്യൂൾ പരിശോധിച്ച് ഉറപ്പുവരുത്തണം. പൂനെ, ബെംഗളൂരു, കൊൽക്കത്ത, മുംബൈ, അഗർത്തല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. റദ്ദാക്കിയവയിൽ കൊച്ചിയിൽ നിന്ന് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്കുള്ള വിമാനവുമുണ്ട്. അകാശയിലെ പ്രവർത്തന മേൽനോട്ടത്തിലെ പിഴവുകൾ ഡിജിസിഎ മുൻപ് ചൂണ്ടിക്കാണിച്ചിരുന്നു.

വിമാനങ്ങൾ റദ്ദാക്കാൻ കാരണം

വാരാന്ത്യത്തിലെ പെട്ടെന്നുള്ള വിമാന റദ്ദാക്കൽ നിരവധി കുടുംബങ്ങളെയും ബിസിനസ് ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവരെയും ഒരുപോലെ വലച്ചു. എന്തുകൊണ്ട് വിമാനങ്ങൾ റദ്ദാക്കി എന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ജീവനക്കാരുടെ ഷെഡ്യൂളിലെയും വിമാന ലഭ്യതയിലെയും പ്രശ്നങ്ങൾ കാരണമാണ് റദ്ദാക്കിയത് എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ട്രെയിനിങിലെ ക്രമക്കേടുകൾ ഉൾപ്പെടെ നിരവധി റെഗുലേറ്ററി ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അകാശയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അതുകൊണ്ടുതന്നെ ഡിജിസിഎയുടെ നിർദേശങ്ങളിൽ വീഴ്ച വരാതിരിക്കാൻ അധിക കരുതലെടുക്കാൻ വിമാന കമ്പനിക്ക് ഉത്തരവാദിത്വമുണ്ട്.

യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഡിജിസിഎ മാർഗനിർദേശം അനുസരിച്ച്, നിങ്ങളുടെ ഫ്ലൈറ്റ് വിമാന കമ്പനി റദ്ദാക്കുകയാണെങ്കിൽ, പൂർണ്ണമായ റീഫണ്ടിനോ അല്ലെങ്കിൽ മറ്റൊരു ഫ്ലൈറ്റിൽ റീ-ബുക്കിംഗിനോ അർഹതയുണ്ട്. റദ്ദാക്കിയത് സംബന്ധിച്ച് വിമാന കമ്പനിയുടെ അറിയിപ്പ്, ബുക്കിംഗ് രേഖകൾ, ബോർഡിംഗ് പാസിന്റെ പകർപ്പുകൾ എന്നിവ കയ്യിൽ സൂക്ഷിക്കുക. ആകാശയിൽ ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ അകാശയുടെ കസ്റ്റമർ സർവീസുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ 'മൈ ബുക്കിങ്സ്' വിഭാഗം ഓൺലൈനിൽ പരിശോധിക്കുകയോ ചെയ്യണം. തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെങ്കിൽ, ഡിജിസിഎയുടെ ഔദ്യോഗിക പോർട്ടൽ വഴി പരാതി നൽകാം

Post a Comment

أحدث أقدم
Join Our Whats App Group