Join News @ Iritty Whats App Group

ജില്ലയിൽ മുണ്ടിനീര് വ്യാപനം ആശങ്കാജനകം, സൗജന്യ വാക്സിൻ അത്യാവശ്യം

ണ്ണൂർ: ജില്ലയില്‍ മുണ്ടിനീര് ആശങ്കാജനകമായി വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെയായി ഏകദേശം 3,000 കുട്ടികള്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.


കഴിഞ്ഞ രണ്ടു വർഷങ്ങളായി രോഗബാധിതരുടെ എണ്ണത്തില്‍ തുടർച്ചയായ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്. 2024ല്‍ മാത്രം 12,000 പേരാണ് ജില്ലയില്‍ മുണ്ടിനീര് ബാധിച്ച്‌ ചികിത്സ തേടിയത്.
സാധാരണ ജനുവരി മുതല്‍ മേയ് വരെയുള്ള വേനല്‍ക്കാലത്താണ് മുണ്ടിനീര് കേസുകള്‍ കൂടുതലായി റിപ്പോർട്ട് ചെയ്യാറുള്ളത്. എന്നാല്‍ മഴക്കാലത്തും രോഗം തുടരുന്നതും പ്രതിദിനം ചികിത്സതേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതുമാണ് അധികൃതരെ ആശങ്കയിലാക്കുന്നത്. സംസ്ഥാനത്ത് മൊത്തം 23,642 മുണ്ടിനീര് കേസുകളാണ് ഈവർഷം ഇതുവരെ സ്ഥിരീകരിച്ചത്. പ്രതിദിനം 600ലധികം രോഗികള്‍ സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ എണ്ണം കൂടി നോക്കിയാല്‍ കണക്കുകള്‍ ഗണ്യമായി ഉയരുമെന്നാണ് വിലയിരുത്തല്‍.

പ്രതിരോധ കുത്തിവയ്പ്പിലൂടെ മാത്രമേ മുണ്ടിനീര് നിയന്ത്രിക്കാൻ കഴിയുകയുള്ളുവെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. സർക്കാർ ആശുപത്രികളിലൂടെ സൗജന്യ വാക്സിൻ വീണ്ടും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ട്.

അങ്കണവാടികള്‍ അടച്ചുപൂട്ടുന്നു

അങ്കണവാടി, സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളിലാണ് രോഗം കൂടുതല്‍ കാണുന്നത്. ചില പ്രദേശങ്ങളില്‍ രോഗവ്യാപനം തടയാൻ അങ്കണവാടികള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം വരെ സംജാതമായിട്ടുണ്ട്. ചില കുട്ടികള്‍ക്ക് ഒരു ചെവിയുടെ കേള്‍വിശേഷി നഷ്ടപ്പെട്ടതായും ശരീരത്തിന്റെ ഒരു ഭാഗത്ത് തളർച്ച അനുഭവപ്പെട്ടതായും ഡോക്ടർമാർ സ്ഥിരീകരിച്ചു. രോഗം വൈകി തിരിച്ചറിയുന്നതും യഥാസമയം ശരിയായ ചികിത്സ ലഭിക്കാത്തതുമാണ് സങ്കീർണതകള്‍ക്ക് കാരണമാകുന്നത്.

സൂക്ഷിക്കണം മിക്‌സോ വൈറസിനെ

വായുവിലൂടെ പകരുന്ന മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസാണ് മുണ്ടിനീര് അഥവാ മുണ്ടിവീക്കത്തിന് കാരണം. ഉമിനീർ ഗ്രന്ഥികളെ ആദ്യം ബാധിക്കുന്ന ഈ രോഗം ചുമ, തുമ്മല്‍, രോഗബാധിതരുമായുള്ള നേരിട്ടുള്ള സമ്ബർക്കം എന്നിവയിലൂടെ പകരുന്നു. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് തൊട്ടുമുമ്ബും ഗ്രന്ഥികളില്‍ വീക്കം കാണുന്നതിന് ശേഷം നാലോ ആറോ ദിവസം വരെയും പകരാൻ സാധ്യതയുണ്ട്.
യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്‌നേയഗ്രന്ഥി തുടങ്ങിയ സുപ്രധാന അവയവങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. ഇത് ഭാവിയില്‍ വന്ധ്യതയിലേക്ക് വരെ നയിച്ചേക്കാം. തലച്ചോറിനെ ബാധിച്ചാല്‍ എൻസഫലൈറ്റിസ് പോലുള്ള ജീവൻ അപഹരിക്കുന്ന സങ്കീർണതകള്‍ ഉണ്ടാകാം.

എം.എം.ആർ വാക്സിൻ

ഒഴിവാക്കിയത് തിരിച്ചടി
2017ന് മുമ്ബ് സർക്കാർ ആശുപത്രികളിലൂടെ സൗജന്യമായി നല്‍കിയിരുന്ന എം.എം.ആർ (അഞ്ചാം പനി, മുണ്ടിനീര്, റുബെല്ല) വാക്സിൻ, കേന്ദ്രസർക്കാർ സാർവത്രിക വാക്സിനേഷൻ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് രോഗവ്യാപനത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുണ്ടിനീര് ഗുരുതരമായ രോഗമല്ലെന്നും വാക്സിന് പൂർണമായ പ്രതിരോധശേഷി നല്‍കാനാകില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. ഇതിന് പകരം അഞ്ചാംപനിയും റുബെല്ലയും മാത്രം പ്രതിരോധിക്കുന്ന എം.ആർ വാക്സിനാണ് ഇപ്പോള്‍ നല്‍കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group